തിരുവനന്തപുരം   ഇരുന്നൂറ് കിലോമീറ്ററിലേറെ വേ​ഗത്തിൽ  ചീറിപ്പാഞ്ഞാലും കെൽട്രോണിന്റെ എഐ കാമറാ സംവിധാനത്തിൽ വാഹനനമ്പർ തിരിച്ചറിയാം. രാജ്യത്ത് മറ്റൊരു സ്ഥാപനവും ഈ സാങ്കേതികവിദ്യയിൽ ഇത്രയും വ്യക്തമായ ചിത്രങ്ങൾ പതിയുന്ന കാമറ യൂണിറ്റ് വികസിപ്പിച്ചിട്ടില്ലെന്ന് വിദ​ഗ്‌ധരുടെ സാക്ഷ്യം.

കഴിഞ്ഞവർഷം മുംബൈയിൽ ട്രാഫിക് സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യവസായ പ്രദർശനത്തിൽ കെൽട്രോണിന്റെ കാമറ അവതരിപ്പിച്ചപ്പോൾ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രശംസിച്ചിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലെ പുണെ മോട്ടോർവാഹനവകുപ്പിലെ അം​ഗങ്ങൾ സംസ്ഥാനത്തെത്തി കാമറയുടെ ​ഗുണമേന്മ പരിശോധിച്ചു.

രാത്രിയിൽ കാരയ്ക്കാമണ്ഡപം റൂട്ടിൽ 200 കിലോമീറ്ററിലേറെ വേ​ഗത്തിൽ പുണെയിൽനിന്നുള്ള ഉദ്യോ​ഗസ്ഥർ വാഹനം  ഓടിച്ച്‌ പരിശോധിച്ചപ്പോഴും കാമറയിൽ വാഹനത്തിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു. ഇതോടെ പല സംസ്ഥാന ഏജൻസികളും കാമറ സംവിധാനം വാങ്ങാൻ കെൽട്രോണുമായി ചർച്ച നടത്തുമ്പോഴാണ് പ്രതിപക്ഷം വ്യാജ പ്രചാരണവുമായി രം​ഗത്ത് വന്നതെന്ന് അധികൃതർ പറയുന്നു.

സാധാരണ സിസിടിവി കാമറകളുടെ വിലയുമായാണ് കെൽട്രോണിന്റെ ആധുനിക കാമറ സംവിധാനത്തെ ചിലർ താരതമ്യം ചെയ്യുന്നത്. വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ, എഐ കാമറ മൊഡ്യൂൾ, ഓട്ടോമേറ്റിക് നമ്പർ പ്ലേറ്റ് റെക്ക​ഗ്നിഷൻ കാമറ മോഡ്യൂൾ, രാത്രിയിലും വെളിച്ചം ലഭിക്കുന്ന ഐആർ ഫ്ലാഷ് യൂണിറ്റ്, മിനി പ്രോസസർ, ത്രീ ഡി റഡാർ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കാമറ യൂണിറ്റ്. ഇവ കൂട്ടിച്ചേർത്ത് കാമറ യൂണിറ്റ് വികസിപ്പിക്കുന്നത് സങ്കീർണമായ പ്രക്രിയയാണ്. തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോണിന്റെ യൂണിറ്റിലാണ് ഐഐ കാമറ യൂണിറ്റ് സംവിധാനം വികസിപ്പിച്ചത്.