മഞ്ഞുപുതച്ച മലകൾ, പച്ചപ്പുനിറഞ്ഞ വയലുകളും കുന്നുകളും ഒപ്പം വനഭംഗിയും. ഇതെല്ലാം ആസ്വദിച്ച് ഒരു വയനാടൻ യാത്ര പോയാലോ. ഇത്തരമൊരു അനുഭവം സഞ്ചാരികൾക്ക് പകർന്നുനൽകാൻ അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസിൽ ബജറ്റ് ടൂറിസം പദ്ധതിയിൽ ഒരു യാത്രപോകുകയാണ്. പാരമ്പര്യത്തിന്റെ ചരിത്രം പറയുന്ന വയനാടൻ മണ്ണ് എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

കേരളത്തനിമ നിലനിൽക്കുന്ന പഴയ വീടുകൾ വയനാടിന്റെ പല ഭാഗങ്ങളിലും ഇന്നുമുണ്ട്. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല കൂടിയാണ് വയനാട്. മഞ്ഞിൽ കുളിച്ചുകിടക്കുന്ന താമരശ്ശേരി ചുരത്തിന്റെ വശ്യസൗന്ദര്യം ആസ്വദിച്ച് മനസ്സും ശരീരവും കുളിരണിഞ്ഞുകൊണ്ടാകും വയനാടൻ കാഴ്ചകളുടെ തുടക്കമെന്ന് കെ.എസ്.ആർ.ടി.സി. വ്യക്തമാക്കുന്നു.

കാണാനുണ്ട് കാഴ്ചകൾ

എൻ ഊരിന്റെ പൈതൃക ഗ്രാമഭംഗിയും അതിന്റെ മുകളിൽനിന്നുള്ള വിദൂരക്കാഴ്ചകളും നുകർന്ന് പഴശ്ശി സ്മാരകത്തിലെത്തും. തുടർന്ന് കാരാപ്പുഴ ഡാമിന്റെ ടവറിൽനിന്നുള്ള നയനമനോഹര കാഴ്ചകളും സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

എടക്കൽ ഗുഹയിലെ സാഹസികമായ അനുഭവങ്ങൾ പങ്കുവെച്ചശേഷം ബാണാസുര സാഗർ ഡാമിന് മുകളിലൂടെ സായാഹ്നക്കാറ്റേറ്റ് ഒരു യാത്ര. പിന്നീട് കുറുവാ ദ്വീപിലെ വിശേഷങ്ങൾ കണ്ടറിഞ്ഞ് വെള്ളത്തിൽ ആർത്തുല്ലസിച്ച് ചങ്ങാടത്തിലൊരു യാത്ര.

അവസാനം സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ ഒന്ന് മുങ്ങിക്കുളിച്ചശേഷം രാത്രിയിൽ ജംഗിൾ സഫാരിയും കഴിഞ്ഞ് മഞ്ഞുമൂടിക്കിടന്ന സുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലെ എ.സി. ബർത്തിൽ കമ്പിളി തലയിൽകൂടി പുതച്ച് ഒരുറക്കവും.

മൂന്നുപകലും രണ്ട് രാത്രിയും വയനാടിനെ അടുത്തറിഞ്ഞ ശേഷം ആദിവാമസിമൂപ്പനായ കരിന്തണ്ടനെ കണ്ടറിഞ്ഞ് താമരശ്ശേരിയുടെ രാത്രിസൗന്ദര്യം ആസ്വദിച്ച് ചുരമിറങ്ങുന്നതോടെ പുതുപുത്തൻ അനുഭവങ്ങൾ മനസ്സു നിറയെ പകർന്നുനൽകി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം യാത്ര അവസാനിക്കും.

രുചികളെ അറിയാം

എല്ലാ ദിവസവും നാടൻ ഭക്ഷണത്തിലൂടെ വയനാടൻ രുചിവൈഭവവും ആസ്വദിക്കാൻ ഈ യാത്രയിൽ കഴിയും. ഒപ്പം മലബാർ യാത്ര കൊതിച്ചിരുന്നവർക്കായി അറിവും അനുഭൂതിയും ഒപ്പം ഊഷ്മള ബന്ധങ്ങൾകൂടി സ്ഥാപിക്കാൻ ഈ യാത്രകൊണ്ട് സാധിക്കുമെന്നതും പ്രത്യേകതയാണ്.

വയനാട്

മൂന്നുപകലും രണ്ട് രാത്രിയും വയനാടിനെ അടുത്തറിയാൻ അവസരം ഒരുക്കുന്ന അടൂർ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ജംഗിൾ സഫാരി സ്റ്റേ ഉൾപ്പെടെ 3900 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. മേയ് 14-നാണ് യാത്ര പുറപ്പെടുന്നത്.അന്വേഷണങ്ങൾക്ക്: 9207014930, 9447302611.