ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കലഹിച്ച് കലാപക്കൊടിയുയർത്തുന്ന നേതാവ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലെത്തിക്കാൻ ആം ആദ്‌മിയുടെ നീക്കമെന്ന് സൂചന. അതേസമയം പാർട്ടി മുന്നറിയിപ്പ് തള്ളി ഉപവാസം നടത്തിയ സച്ചിൻ വിഷയത്തിൽ വ്യക്തതയില്ലാതെ പരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.

വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് സച്ചിന്റെ നീക്കം. എന്നാൽഗെലോട്ടിനെ തള്ളി സച്ചിനെ തൃപ്‌തിപ്പെടുത്താൻ തത്കാലം കോൺഗ്രസ് തയ്യാറല്ല. ഇതു മനസിലാക്കിയാണ് രാജസ്ഥാനിൽ വേരോട്ടത്തിന് ശ്രമിക്കുന്ന ആംആദ്‌മി പാർട്ടിയുടെ നീക്കം. അരവിന്ദ് കേജ്‌രിവാൾ നേരിട്ട് നീക്കങ്ങൾ നടത്തുന്നതായാണ് സൂചന.

മുന്നറിയിപ്പ് അവഗണിച്ച് ഉപവാസ സമരം നടത്തിയതിന് പിന്നാലെ ഡൽഹിയിലെത്തിയ സച്ചിന് രണ്ടു ദിവസം കാത്തിട്ടും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. ഇന്നലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാജസ്ഥാൻ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സുഖ്ജിന്ദർ സിംഗ് റൺധാവ ജയ്‌പൂരിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് വിവരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചർച്ചയിലുണ്ടായിരുന്നു. പിന്നീട് വേണുഗോപാലും രൺധാവയും ഖാർഗെയെയും കൂടിക്കാഴ്ച നടത്തി. ചർച്ചകളിലൊന്നും സച്ചിനെ ഉൾപ്പെടുത്തിയില്ല. സച്ചിൻ ഇന്ന് ജയ്‌പൂരിലേക്ക് മടങ്ങിയേക്കും. നടപടിയുണ്ടാകുമെന്ന് രൺധാവ ആവർത്തിക്കുന്നുണ്ടെങ്കിലും കർണാടക തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ സച്ചിനെ കൂടുതൽ പ്രകോപിപ്പിക്കാൻ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ല. തത്‌കാലം നടപടി വിശദീകരണം ചോദിക്കലിൽ ഒതുങ്ങാനാണ് സാദ്ധ്യത.