വാരാണസി: പ്രമുഖ ഭോജ്പുരി നടി ആകാൻഷ ദുബെയെ (25) മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വാരാണസി സാരാനാഥിലുള്ള ഹോട്ടലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വാരാണസിയിൽ പുതിയ സിനിമയുടെ ഷൂട്ടിംഗിന് എത്തിയതായിരുന്നു ആകാൻഷ. രാവിലെ മേക്കപ്പ്മാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ മേക്കപ്പ്മാൻ ഹോട്ടലിലെത്തിയെങ്കിലും റൂമിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു.
മേക്കപ്പ്മാനും ഹോട്ടൽ ജീവനക്കാരും വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാതായപ്പോൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്നുപരിശോധിച്ചപ്പോൾ ആകാൻഷയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മരിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പ് നടി ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരുന്നു. പിന്നീടത് നീക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഭോജ്പുരി ഗാനത്തിൽ കണ്ണാടിക്ക് മുന്നിൽ ബെല്ലി ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ ആകാൻഷ സമൂഹമാധ്യമത്തിൽ വങ്കുവച്ചിരുന്നു.
പതിനേഴാം വയസിൽ മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അഭിനയരംഗത്ത് എത്തുന്നത്. ഭോജ്പുരി സിനിമയിൽ സജീവമാണ്. മുജ്സേ ഷാദി കരോഗി, വീരോൻ കീ വീർ, ഫൈറ്റർ കിംഗ്, കസം പയ്ദാ കർനാ കി തുടങ്ങിയവയാണ് നടിയുടെ പ്രധാന ചിത്രങ്ങൾ.