കൊച്ചി: ഈസ്റ്ററോടനുബന്ധിച്ചുള്ള അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും ജനങ്ങളും തള്ളിക്കളയുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി.. അനുരഞ്ജനത്തിന്റെ കാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നത് ജനാഭിമുഖ കുര്‍ബാനയ്ക്കു പകരം സിനഡിന്റെ 50-50 ഫോര്‍മുലയില്‍ ബലിയര്‍പ്പിക്കാനാണ്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ പാസ്റ്ററല്‍ ലെറ്ററില്‍ പറയുന്ന അനുരഞ്ജനം കഴിഞ്ഞ നാളുകളില്‍ അതിരൂപതയോട് ആന്‍ഡ്രൂസ് മെത്രാപ്പോലീത്താ പുലര്‍ത്തുന്ന മനോഭാവത്തെയോ അദ്ദേഹത്തിന്റെ ചെയ്തികളെയോ വിലയിരുത്തിയാല്‍ പൊള്ളത്തരമാണെന്ന് മനസ്സിലാകുമെന്നും അതിരൂപത സംരക്ഷണ സമിതി പിആര്‍.ഒ ഫാ. ജോസ് വൈലികോടത്ത് പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഡിസംബറില്‍ അടയ്ക്കപ്പെട്ട എറണാകുളം സെന്റ് മേരീസ് കത്തീദ്രല്‍ ബസിലിക്ക ഇതുവരെ തുറന്നിട്ടില്ല. ബസിലിക്കയില്‍ ക്രിസ്മസ്സിന് തലേന്ന് പരിശുദ്ധ കുര്‍ബാനയെ മ്ലേച്ഛമാക്കാന്‍ നേതൃത്വം കൊടുത്ത ഫാ. ആന്റണി പൂതവേലിയെ ഈയിടെ മൂഴിക്കുളത്തേക്ക് നിയമിച്ച് ആ ഇടവകയിലും അജപാലന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററാണ്. അതിരൂപതയുടെ ആത്മീയ നേതാവായി ചാര്‍ജ് എടുത്തതിനു ശേഷം അദ്ദേഹത്തിന്റെ മുറിയില്‍ സംഭാഷണത്തിനു ചെന്ന വൈദികരും അല്മായരും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് സ്വന്തം വൈദികര്‍ക്കെതിരെയും ദൈവജനത്തിനെതിരെയും കേസ് കൊടുത്ത മെത്രാപ്പോലീത്തയാണ് അനുരഞ്ജനം ആദ്യം പ്രായോഗികമാക്കേണ്ടത്. അതിനു തയ്യാറാകാതെ തന്റെ തീരുമാനം അടിച്ചേല്പിക്കാനും അതിനെതിരെ പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കുമെന്നു നിരന്തരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മെത്രാപ്പോലീത്തായുടെ ഇടയലേഖനം കാപട്യത്തിന്റെ കൂമ്പാരമാണ്. സുവിശേഷ വിരുദ്ധമായ ഇത്തരം ഇടയലേഖനം അതിരൂപതയിലെ ഒരു പള്ളിയിലും വായിക്കണ്ടെതില്ലെന്ന് അതിരൂപതാ സംരക്ഷണ സമിതി തീരുമാനമെടുത്തു.

ഇടയലേഖനമെഴുന്നതിനു പകരം കടമുള്ള ദിവസങ്ങളിലും ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും കാതലായ ദിവസങ്ങളിലും വിശ്വാസികള്‍ക്ക് അവരുടെ ആത്മീയാനുഷ്ഠാനങ്ങള്‍ മുടക്കി ധാര്‍ഷ്ട്യത്തോടെ സെന്റ് മേരീസ് കത്തീദ്രല്‍ ബസിലിക്ക അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിനു എത്രയും വേഗം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പരിഹാരം ഉണ്ടാക്കട്ടെ. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനയ്‌ക്കെതിരെ മെത്രാപ്പോലീത്ത തന്നെ അജപാലന പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഇടയലേഖനമോ സര്‍ക്കുലറോ ഇടവകകളില്‍ വായിക്കുകയില്ലെന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.