നിയമസഭയിൽ ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന പോലൊരു സമരം ഇതിനു മുമ്പ് താൻ കണ്ടിട്ടില്ലെന്ന മന്ത്രി ശിവൻകുട്ടിയുടെ പരമാർശത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണ് എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

ഇതിന് മറുപടി നൽകിയ മാങ്കൂട്ടത്തിൽ സ്പീക്കറുടെ ചേംബറിൽ കയറി കസേര താഴെ തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്ന ശിവൻകുട്ടിയുടെ പഴയകാല ചിത്രം പോസ്‌റ്റു ചെയ്യുകയായിരുന്നു. ”ഓ അംബ്രാ …. ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ” എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

യുഡിഎഫ് അധികാരത്തിലിരിക്കെ കെ.എം.മാണിയുടെ ബഡ്‌ജറ്റ് അവതരണം വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം തടയാൻ ശ്രമിക്കുകയും സഭയിൽ വലിതോതിൽ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് അടക്കം നടപടികൾ ഇപ്പോഴും തുടരുകയാണ്.