കുടുംബാംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയമായിരിക്കും ഒരു കുടുംബത്തിന്റെ ഉല്ലാസസമയം എന്നു പറയുന്നത്. ആ ദിവസത്തിന്റെ വിശേഷങ്ങളും പരിഭവങ്ങളും ഒക്കെ പങ്കുവയ്ക്കുന്ന മനോഹര നിമിഷങ്ങളാണത്. പക്ഷേ, കൈവിട്ടു പോകുന്ന ഒരു വാക്കോ, പെട്ടെന്ന് കഴിച്ചിട്ട് എഴുന്നേൽക്കാനുള്ള ഒരാളുടെ ധൃതിയോ മതി എല്ലാവരുടെയും സന്തോഷം കെടുത്താൻ. എന്നാൽ ഈ സമയം ഫലപ്രദമായി ഉപയോഗിച്ചാലോ, വളരുന്നത് കുടുംബത്തിന്റെ കെട്ടുറപ്പാണ്. ഭക്ഷണസമയത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ അഞ്ച് മാർഗ്ഗങ്ങളിതാ…

1. മൊബൈലിനെയും ടെലിവിഷനെയും അകറ്റിനിർത്തുക

ഭക്ഷണസമയത്ത് മൊബൈൽ ഫോണിന്റെയും ടെലിവിഷന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നത് കുടുംബാംഗങ്ങളെ ഭക്ഷണമേശയിൽ കുറച്ചു കൂടി സജീവമാക്കാൻ സഹായിക്കും. ആദ്യം 10 -15 മിനിട്ടെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കാൻ ശ്രമിക്കണം. ക്രമേണ ആ സമയം കൂട്ടിക്കൊണ്ടു വരണം. അങ്ങനെ ചെറിയ കുട്ടികളെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ പരിശീലിപ്പിക്കണം.

2. എല്ലാവരും ഒരുമിച്ച് ഭക്ഷണമേശയിൽ എത്തണമെങ്കിൽ ജോലികൾ തീർക്കാൻ പരസ്പരം സഹായിക്കണം

ഭക്ഷണമേശയിൽ എല്ലാവരും ഒരുമിച്ചെത്താൻ വേണ്ടി ഉത്തരവാദിത്വങ്ങൾ പരസ്പരം പങ്കിടുന്നത് നല്ലതാണ്. ഒരാൾ മേശ സജ്ജീകരിക്കട്ടെ, മറ്റുള്ളവർ ഒന്നിച്ചു ഭക്ഷണം പാകം ചെയ്യട്ടെ. അതുപോലെ അത്താഴത്തിനു ശേഷം എല്ലാവരും ഒരുമിച്ച് ഭക്ഷണമേശയും അടുക്കളയും വൃത്തിയാക്കട്ടെ. പാത്രങ്ങൾ കഴുകുമ്പോഴും പരസ്പരം സഹായിക്കാൻ മനസു കാണിക്കണം. ഇപ്രകാരമൊക്കെ ചെയ്യുമ്പോൾ ഈ സമയങ്ങൾ ആഴത്തിലുള്ള കുടുംബസംഭാഷണങ്ങൾക്ക് വഴിയൊരുക്കും.

3. പ്രാർത്ഥനയോടെ തുടങ്ങുക 

എല്ലാവരും ഒത്തുകൂടിക്കഴിഞ്ഞാൽ, ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനു മുമ്പ്, ഒരുമിച്ചു പ്രാർത്ഥിക്കുക. ചെറിയ കുട്ടികൾക്ക് പ്രാർത്ഥനകൾ പഠിക്കാനും മുതിർന്നവർക്ക് ആ പ്രാർത്ഥനകൾ ശക്തിപ്പെടുത്താനുമുള്ള മികച്ച സമയവും സ്ഥലവുമാണിത്. ഒരുമിച്ചുള്ള പ്രാർത്ഥന കുടുംബബന്ധങ്ങളെ കൂടുതൽ ശക്തിയുള്ളതാക്കുന്നു.

4. സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കുക

ഒത്തുചേർന്നിരിക്കുന്ന എല്ലാവരും അന്നത്തെ അവരുടെ ദിവസത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ പങ്കിടാൻ ശ്രമിക്കുക. ഓരോ ദിവസത്തിലും അവരുടെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന നർമ്മങ്ങൾ, വേദനകൾ എല്ലാം അവർ പങ്കിടട്ടെ. അല്ലെങ്കിൽ കുടുംബത്തിലെ ഓരോ അംഗവും ഓരോ ദിവസം വിവിധ വിഷയങ്ങൾ സംസാരിക്കുന്നവരാകും. അങ്ങനെ എല്ലാവരുടെയും ഇഷ്ടവിഷയങ്ങൾ കുടുംബത്തിൽ സംസാരിക്കാൻ സാധിക്കും.

5. നന്ദിയോടെ ഓർക്കുന്ന ഏതെങ്കിലുമൊരു കാര്യം പങ്കുവച്ചു കൊണ്ട് ഭക്ഷണസമയം അവസാനിപ്പിക്കുക

ഭക്ഷണസമയം അവസാനിക്കുമ്പോൾ മനസ്സിനു സന്തോഷം നൽകുന്ന ഒരു കാര്യം പരസ്പരം പങ്കുവയ്ക്കുക. നിങ്ങളുടെ ദിവസത്തെ മനോഹരമായ നിമിഷങ്ങൾ പങ്കിട്ടു കൊണ്ട് സന്തോഷത്തോടെ ഭക്ഷണസമയം പൂർത്തിയാക്കുക.