ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ടത് എഴുപതിലധികം ക്രൈസ്തവർ. കഴിഞ്ഞ രണ്ടാഴ്ചകൾ കോംഗോയിലെ ക്രൈസ്തവർക്ക് വേദനകളുടെ കാലമായിരുന്നു എന്ന് അവിടുത്തെ പ്രാദേശിക സഭാനേതാവായ ബിഷപ്പ് മുലിൻഡെ എസെമോ വെളിപ്പെടുത്തി.

“ഞങ്ങൾ ഇവിടെ കിഴക്കൻ ഡിആർസി-യിൽ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വളരെ പിരിമുറുക്കമുള്ള സാഹചര്യത്തിലാണ് ജീവിക്കുന്നത്. എഡിഎഫ് വിമതരുടെ ആക്രമണത്തിൽ നൂറുകണക്കിന് വിശ്വാസികൾ കൊല്ലപ്പെട്ടു. മൃഗങ്ങളെ കൊല്ലുന്നതു പോലെയുള്ള കൂട്ടക്കൊലയാണ് അവർ നടത്തുന്നത്” – എസെമോ ചൂണ്ടിക്കാട്ടി. 2023 ജനുവരി 23-ന് മകുങ്‌വെയിൽ ഇരുപത്തിമൂന്നു പേർ കൊല്ലപ്പെട്ട് രണ്ട് മാസത്തിനു ശേഷമാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. ഡിആർസി-യുടെ ഭൂരിപക്ഷ ക്രിസ്ത്യൻ കിഴക്കൻ ഭാഗത്തെ ഇസ്ലാമികവത്ക്കരിക്കുക എന്ന ലക്ഷ്യവും ഈ ആക്രമണങ്ങൾക്കു പിന്നിലുണ്ട്.

മാർച്ച് ഒൻപതിന് നടന്ന ആക്രമണത്തിൽ മുപ്പത്തിയാറ് പേരും മാർച്ച് 12-ന് പത്തൊൻപതു പേരും മാർച്ച് 14-ന് മാബുകുവിൽ പതിനേഴു പേരും കൊല്ലപ്പെട്ടു. ആക്രമണങ്ങളെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ജീവനും മുറുകെപ്പിടിച്ചുകൊണ്ട് പലായനം ചെയ്തത്. തങ്ങളുടെ വീടും സ്വത്തും ഉപേക്ഷിച്ചവർ ഇപ്പോൾ വലിയ കഷ്ടതയിലാണ് കഴിയുന്നത്. കാരണം ഇവരെ സ്വീകരിക്കാൻ  ആരുമില്ല. പീഡനത്തെ തുടർന്ന് കൊല്ലപ്പെടുമെന്നു ഭയന്ന് വീടുകളിൽ നിന്ന് പലായനം ചെയ്ത കോംഗോയിലെ ജനങ്ങളെ സഹായിക്കാനായി അഭ്യർത്ഥിച്ച് ബിഷപ്പ് മുളിന്ഡെ വിശ്വാസികൾക്ക് ഒരു സന്ദേശം അയച്ചു.