കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം മധുര വിമാനത്താവളത്തെ ബാധിക്കുമോ എന്നകാര്യത്തിൽ അടുത്തയാഴ്ച സംസ്ഥാനം മറുപടി നൽകും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് റിപ്പോർട്ട് തേടിയത്. ശബരിമല വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് മധുരയ്ക്ക് ആകാശദൂരം 148 കിലോമീറ്ററാണ്. ശബരിപദ്ധതി ഒരു തരത്തിലും മധുരയെ ബാധിക്കില്ലെന്ന് കണ്ടെത്തിയെന്നാണ് അറിയുന്നത്.

നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായുള്ള അകലം, അവിടത്തെ യാത്രികരുടെ എണ്ണം, ശബരിമല പദ്ധതി വന്നാൽ അവയെ ബാധിക്കുമോ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നേരത്തെ വ്യോമയാനമന്ത്രാലയത്തിന് നൽകിയിരുന്നു. അതിൽ മധുരയുടെ വിവരങ്ങൾ ഉൾപ്പെടണമായിരുന്നെന്നാണ് മന്ത്രാലയം നിർദേശിച്ചത്. നിലവിൽ മധുര വിമാനത്താവളം ഉപയോഗിക്കുന്ന ആരും ശബരിമല വിമാനത്താവളം യാത്രയ്ക്ക് തിരഞ്ഞെടുക്കാൻ സാധ്യതയില്ലന്നാണ് വിലയിരുത്തൽ.

പദ്ധതിപ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിലെ പരിസ്ഥിതി ആഘാതപഠനം പൂർത്തിയാകാൻ സമയമെടുക്കും. പല കാലാവസ്ഥകളിൽ, പ്രദേശത്തെ അവസ്ഥ രേഖപ്പെടുത്തേണ്ടതുണ്ട്. സമൂഹികാഘാതപഠനവും നടക്കുന്നു. ഏകദേശം വൃത്താകൃതിയിലാണ് ചെറുവള്ളി എസ്റ്റേറ്റ്. അതിനാൽ, ടേബിൾടോപ്പ് റൺവേ വരുമോയെന്ന് വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾടോപ്പ് റൺവേ വരില്ലെന്നും 3.50 കിലോമീറ്റർ നീളമുള്ള റൺവേയാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാനം മറുപടി നൽകി. ഇത് സംസ്ഥാനത്ത് ഏറ്റവും നീളമേറിയതുമാണ്. ഇത്രയും നീളം കണ്ടെത്താനാണ് എസ്റ്റേറ്റിന് പുറത്തേക്കും ഭൂമി ഏറ്റെടുക്കുന്നത്. ഇതിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.