റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനത്തിനായി കാത്ത് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ഉദ്യോഗാര്‍ഥികള്‍. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ആകെ ഇനി കുറച്ചു മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. പക്ഷേ ആകെ നിയമനം ലഭിച്ചത് 332 ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ്. അവശേഷിക്കുന്ന 7,123 ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ചോദ്യ ചിഹ്നമായി. ഇതില്‍ പ്രധാന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 4,595 ഉദ്യോഗാര്‍ഥികളാണ്. പഴയ ലിസ്റ്റില്‍ 3,015 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ 332 ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചിരിയ്ക്കുന്നത്.

റാങ്ക് ലിസ്റ്റ് വന്നിട്ടിപ്പോള്‍ ഒരു വര്‍ഷവും 3 മാസവും കഴിഞ്ഞു. എന്നിട്ടും പല ജില്ലകളിലും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 വില്‍ നിന്നും ചുരുങ്ങിയ ഒഴിവുകളാണ് നികത്തപ്പെട്ടത്. 2021 ഡിസംബര്‍ – 2022 ജനുവരി മാസങ്ങളിലാണ് വിവിധ ജില്ലകളിലായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇവയുടെ കാലാവധി 2024 ഡിസംബര്‍ മുതല്‍ 2025 ജനുവരി 10 വരെയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

സര്‍ക്കാരിന്റെ അനുപാത നിര്‍ണ്ണയ ഉത്തരവ് നിലവില്‍ വന്നപ്പോള്‍ അത് ക്രമികരിക്കാന്‍ വേണ്ടി 14 ജില്ലകളിലെയും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ഒഴിച്ചിട്ടു. ഇതിനു പുറമെ പ്രൊമോഷന്‍, അന്തര്‍ ജില്ലാ സ്ഥലം മാറ്റം എന്നിവ നടത്തിയെങ്കിലും വീണ്ടും സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 1, ഗ്രേഡ് 2 അനുപാതം കൃത്യമായി നിലനിര്‍ത്തി ബാക്കിയുള്ള ഒഴിവുകള്‍ പിഎസ്സിക്ക് ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.