വിദേശനാണ്യമില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും ദുരിതം പേറുന്ന പാകിസ്ഥാനില്‍ ജീവിക്കാന്‍ രാജ്യത്തെ യുവാക്കള്‍ പോലും ആഗ്രഹിക്കുന്നില്ലെന്ന് കണ്ടെത്തല്‍. രാജ്യത്തെ 67 ശതമാനം യുവാക്കളും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായി ഒരു സര്‍വേ പറയുന്നു. മുമ്പ് നടത്തിയ സര്‍വേയില്‍ ഇത് 62 ശതമാനമായിരുന്നു.

രാജ്യത്തെ 67 ശതമാനം യുവാക്കളും വിദേശത്ത് മികച്ച അവസരങ്ങള്‍ തേടി പാകിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ഇക്കണോമിക്സിലെ (പിഐഡിഇ) സീനിയര്‍ റിസര്‍ച്ച് ഇക്കണോമിസ്റ്റ് ഡോ.ഫഹീം ജഹാംഗീര്‍ ഖാന്‍ പറയുന്നു. കൂടാതെ, വിദ്യാസമ്പന്നരായ യുവാക്കളില്‍ 31 ശതമാനവും തൊഴില്‍രഹിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സംവാദത്തിനും ചര്‍ച്ചയ്ക്കുമായി സംഘടിപ്പിച്ച ദ്വിദിന പരിപാടിയായ ‘ഐകോണ്‍ഫെസ്റ്റില്‍’ സംസാരിക്കുകയായിരുന്നു ഫഹീം ഖാന്‍. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് യുവാക്കളുടെ പ്രശ്നങ്ങളില്‍ ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കുന്ന 200 ലധികം സര്‍വ്വകലാശാലകള്‍ പാകിസ്ഥാനിലുണ്ട്. എന്നാല്‍ അവര്‍ക്ക് ജോലി ലഭിക്കുന്നില്ല. കാരണം ബിരുദം തൊഴിലിന്റെ ഉറപ്പല്ല. തൊഴിലുടമകള്‍ സിദ്ധാന്തത്തേക്കാള്‍ കഴിവുകളാണ് ആവശ്യപ്പെടുന്നത്. ഇതില്‍അധ്യാപകരും സര്‍ക്കാരും ശ്രദ്ധിക്കണം.

15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പാകിസ്ഥാന്‍ വിടാനുള്ള ആഗ്രഹം കൂടുതലാണെന്ന് സര്‍വേ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മികച്ച അവസരങ്ങളുടെ അഭാവവുമാണ് രാജ്യം വിടാനുള്ള ഏറ്റവും വലിയ കാരണമായി സര്‍വേയില്‍ പങ്കെടുത്ത യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സര്‍വേയില്‍ 62 ശതമാനം യുവാക്കളും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.

പാകിസ്ഥാനില്‍ ഒരു വിചിത്രമായ സാഹചര്യമാണുള്ളതെന്ന് ഐകോണ്‍ഫെസ്റ്റില്‍ പങ്കെടുത്ത മറ്റൊരു മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ ഡോ. ദുറെ നായിബ് പറഞ്ഞു. ഞങ്ങള്‍ അഭിമുഖം നടത്തുന്നുണ്ട്. പക്ഷേ യോജിച്ച ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ കഴിയുന്നില്ല. മറുവശത്ത്, മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. അധ്യാപകര്‍ യുവാക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് വിദ്യാഭ്യാസം നല്‍കുന്നില്ലെന്നും എല്ലാ വര്‍ഷവും പഴയ നോട്ടുകള്‍ നല്‍കുന്നത് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ഒരു രോഗത്തെ അഭിമുഖീകരിക്കുകയാണെന്നും ഐഎംഎഫ് വളരെ കുറച്ച് മാത്രമേ സഹായിക്കുന്നുള്ളൂവെന്നും പരിപാടിയിലെ മറ്റൊരു പാനലിസ്റ്റായ ഡോ.നദിമുല്‍ ഹഖ് പറഞ്ഞതായി പാകിസ്ഥാന്‍ വാര്‍ത്താ വെബ്സൈറ്റ് ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമാബാദില്‍ ക്വയ്ദ്-ഇ-അസം യൂണിവേഴ്‌സിറ്റിക്ക് സമീപം സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷഹബാസ് സര്‍ക്കാര്‍ എല്ലാ ചെറുകിട വ്യവസായങ്ങളെയും വെണ്ടര്‍മാരെയും നീക്കം ചെയ്തുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.