ഡൽഹി: അരവിന്ദ് കെജ്‌രിവാൾ സർക്കാർ വൈദ്യുതി സബ്‌സിഡി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന. സർക്കാരിന്റെ പവർ സബ്‌സിഡി സ്കീം പരിഷ്കരിക്കാൻ പദ്ധതിയില്ലെന്നും ഉപഭോക്താക്കൾക്ക് അനുവദിച്ച ലോഡിന് യാതൊരു നിയന്ത്രണവുമില്ലാതെ തുടരുമെന്നും വൈദ്യുതി മന്ത്രി അതിഷി പറഞ്ഞതിന് പിന്നാലെയാണ് എൽ ജി യുടെ ആരോപണം. സ്വകാര്യ ഡിസ്കോമുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലെ ക്രമക്കേടുകൾ മറക്കാനുള്ള നടപടിയാണിതെന്ന് സക്‌സേന ആരോപിച്ചു.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൈദ്യുതി സബ്‌സിഡി പരിമിതപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (ഡിഇആർസി) 2020 ൽ ഡൽഹി സർക്കാരിന് നിയമപരമായ ഉപദേശം നൽകിയിരുന്നു. എന്നാൽ ഈ വിഷയം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഡിഇആർസി ഈ വർഷം ജനുവരി ആറിന് ഉപദേശം പിൻവലിച്ചു.

അതേസമയം ഇതിലൂടെ സ്വകാര്യ ഡിസ്‌കോമുകൾക്ക്, പ്രത്യേകിച്ച് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബി‌എസ്‌ഇഎസുകൾക്ക് ആം ആദ്മി പാർട്ടി അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയാണെന്നും ഡൽഹി എൽജി ഇതുവരെ സബ്‌സിഡികൾ പിൻവലിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും എൽജി അവകാശപ്പെട്ടു.