ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിലെ എലിമിനേറ്റർ മത്സരത്തിൽ ബംഗളൂരു എഫ്സിക്ക് ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ നടപടി വേണമെന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആവശ്യം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) നിരസിച്ചു.
വൈഭവ് ഗഗ്ഗാർ അധ്യക്ഷനായ എഐഎഫ്എഫ് അച്ചടക്കസമിതിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഗോൾ അനുവദിച്ച് മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സിന്റെ നടപടി ചട്ടപ്രകാരം യാതൊരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും റഫറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും സമിതി വ്യക്തമാക്കി.
റഫറിയുടെ തീരുമാനം മൂലം മത്സരഫലത്തിലുണ്ടാകുന്ന വ്യത്യാസത്തിനെതിരെ പ്രതിഷേധം അനുവദനീയമാണെന്ന എഐഎഫ്എഫിന്റെ ചട്ടം 70.5 ഈ വിഷയത്തിൽ ബാധകമല്ലെന്നും സമിതി വ്യക്തമാക്കി.
നേരത്തെ, ബിഎഫ്സിയുമായുള്ള എലിമിനേറ്റർ മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യവും എഐഎഫ്എഫ് നിരസിച്ചിരുന്നു.