മുംബൈ: അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യത്തിൽ ഇടിവ് വന്നിരുന്നെങ്കിലും എഫ്‌പിഒ ഉപേക്ഷിച്ചത് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്. വിപണി മൂലധന നഷ്ടം  100 ബില്യൺ ഡോളറായി  (8.21 ലക്ഷം കോടി രൂപ). 

നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിൽപനയിൽ നിന്നും പിന്മാറുള്ള നാടകീയ തീരുമാനം.

അദാനി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് വ്യാഴാഴ്ച ഉയർന്ന നിലയിൽ തുറന്നതിന് ശേഷം 10  ശതമാനം ഇടിഞ്ഞു. മറ്റ് ഗ്രൂപ്പ് കമ്പനികളായ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവ 10 ശതമാനം വീതം ഇടിഞ്ഞപ്പോൾ അദാനി പവറും അദാനി വിൽമറും 5 ശതമാനം വീതം ഇടിഞ്ഞു.

ഫോർബ്‌സിന്റെ പട്ടിക പ്രകാരം കഴിഞ്ഞ ആഴ്ച മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഇപ്പോൾ ലോകത്തിലെ ഏറ്റവും 16-ാമത്തെ സമ്പന്നനാണ്.

ആർബിഐ പ്രാദേശിക ബാങ്കുകളോട് അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുമായുള്ള വായ്പകളുടെ  വിശദാംശങ്ങൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.. 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പിന്റെ കടത്തിന്റെ 2 ലക്ഷം കോടി രൂപയുടെ (24.53 ബില്യൺ ഡോളർ) അതായത് ഏകദേശം 40  ശതമാനം ബാങ്കുകളിൽ നിന്നാണ്.