ലണ്ടൻ: ഇന്ത്യൻ ഐ.ടി​ സ്ഥാപനമായ ഇൻഫോസി​സി​ന് യു.കെയി​ലെ ടാക്സ് ഏജൻസി​ ലക്ഷക്കണക്കി​ന് പൗണ്ടിന്റെ നി​കുതി​ ചുമത്തി​യത് കമ്പനി ചോദ്യം ചെയ്തതോടെ തർക്കത്തി​ലായി​.

ബ്രി​ട്ടീഷ് പ്രധാനമന്ത്റി​ ഋ​ഷി​ സുനകി​ന്റെ ഭാര്യാപി​താവ് നാരായണ മൂർത്തി​ സ്ഥാപി​ച്ച ബഹുരാഷ്ട്ര കമ്പനി​യായ ഇൻഫോസി​സി​ന് 2014-17 കാലത്ത് 200 ലക്ഷം പൗണ്ട് നികുതി ബാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളതെന്ന് ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. നികുതി നിർണ്ണയിച്ചതിൽ തർക്കമുള്ളതായി ഇൻഫോസിസ് സമ്മതിച്ചതായും ഇത് സംബന്ധിച്ച് റവന്യൂ ആൻഡ് കസ്റ്റംസ് വിഭാഗത്തിന് അപ്പീൽ നൽകിയിട്ടുള്ളതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, ഏതെങ്കിലും തരത്തിലുള്ള തിരിമറി ഉണ്ടായിട്ടില്ലെന്നും നികുതി കണക്കുകൂട്ടിയതിലുള്ള വ്യത്യാസമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി. അപ്പീൽ നൽകിയതിനൊപ്പം നികുതി അടയ്ക്കുന്നതിന് കാലാവധി ലഭിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. നികുതിനിർണ്ണയത്തിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെട്ട കൺസർവേറ്റീവ് പാർട്ടി ചെയർമാനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.

2014ൽ നാരായണ മൂർത്തി ഇൻഫോസിസിന്റെ തലപ്പത്ത് നിന്ന് മാറിയെങ്കിലും മകളും സുനകിന്റെ ഭാര്യയുമായ അക്ഷത മൂർത്തിയ്ക്ക് ബാംഗ്ളൂർ ആസ്ഥാനമായ ഇൻഫോസിസ് കമ്പനിയിൽ 0.9 ശതമാനം ഷെയർ ഉണ്ട്.