മസാച്യുസെറ്റ്സ്: അവയവദാനത്തിന് തയ്യാറാവുന്ന തടവുകാർക്ക് ശിക്ഷയിൽ ഇളവു നൽകാനൊരുങ്ങി അമേരിക്കയിലെ സംസ്ഥാനമായ മസാച്യുസെറ്റ്സ്. മജ്ജ മാറ്റിവയ്ക്കൽ, അവയവദാനം എന്നിവയ്ക്ക് തയ്യാറായാൽ തടവുകാർക്ക് 365 ദിവസം വരെ ശിക്ഷ ഇളവു ചെയ്തു നൽകുന്നതിനുള്ള ബില്ലാണ് ഒരുങ്ങുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ 60 ദിവസം മുതൽ 365 ദിവസം വരെയാണ് തടവുകാർക്ക് ഇളവു ലഭിക്കുക.

പദ്ധതിക്കായി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയാണ് ഇളവ് ലഭിക്കുന്നതിനുള്ള മറ്റ് മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നത്. ദാനം ചെയ്യുന്ന മജ്ജയുടെ അളവും ദാനം ചെയ്യുന്ന അവയവങ്ങളുടെ എണ്ണവും അനുസരിച്ച് ഇളവ് ലഭിക്കുന്ന കാലയളവിന് മാറ്റം വരും. നിലവിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമേ അവയവങ്ങൾ ദാനം ചെയ്യാനാകു. എന്നാൽ വധശിക്ഷയ്ക്ക് വിധിച്ച തടവുകാരിൽ നിന്ന് അവയവദാനത്തിന് അനുമതിയില്ല.

യുണെെറ്റഡ് നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ 104413 പേരാണ് അമേരിക്കയിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 58970 പേർക്ക് ആക്ടീവ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. ബില്ല് പാസായാൽ തടവുകാരിൽ അവയവദാനം വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടും എന്നാണ് അധികൃതർ പറയുന്നത്.