ഡച്ച് ഓൺലൈൻ വിപണിയായ ഒ.എൽ.എക്സ് 1,500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഒ.എൽ.എക്സിലെ ആകെ ജീവനക്കാരുടെ 15 ശതമാനമാണിത്. ലോകത്തെ വിവിധ രാജ്യങ്ങൾ, വിവിധ മേഖലകൾ എന്നിവിടങ്ങളിൽ നിന്നായാണ് 1,500 ഓളം പേരെ പിരിച്ചുവിടുന്നത്. ആഗോള സാമ്പത്തികാവസ്ഥ കൂടുതൽ ശുഷ്കിച്ചുകൊണ്ടിരിക്കുന്നതിനാൽ ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഇക്കാര്യത്തിൽ ഖേദമുണ്ട്. പിരിച്ചുവിടപ്പെടുന്നവരുടെ വിലയേറിയ സേവനം നഷ്ടമാകും. പക്ഷേ, ഇത് ചെയ്യേണ്ടത് ഭാവി ലക്ഷ്യങ്ങൾ നേടുന്നതിന് അനിവാര്യമാണ്. ഈ സമയം, ജീവനക്കാരോടുള്ള പെരുമാറ്റം മാന്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണന. -വാക്താവ് കൂട്ടിച്ചേർത്തു.

കമ്പനിയു​ടെ നടപടി ഇന്ത്യയിൽ എത്രപേരെ ബാധിമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കമ്പനിയുടെ എഞ്ചിനീയറിങ്, ഓപ്പറേഷൻ വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. 2006ലാണ് ഒ.എൽ.എക്സ് ആഗോള തലത്തിൽ പ്രവർത്തനം ആരംഭിച്ചത്. ലോകത്താകമാനം 20 ബ്രാൻഡുകളും ഉണ്ട്. നിലവിൽ അഞ്ച് ഭൂഖണ്ഡങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്.