മുംബൈ: ഉത്തർപ്ര​ദേശിൽ ഇപ്പോൾ ആരും മതംമാറ്റത്തിന് ധൈര്യപ്പെടില്ലെന്നും നിയമവിരുദ്ധമായ മതംമാറ്റം നിരോധിക്കുന്ന നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കുന്നു​ണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ആരെങ്കിലും നിർബന്ധിച്ച് മതംമാറ്റിയാൽ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നും എന്നാൽ, മതം മാറിയ ആർക്കെങ്കിലും ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെങ്കിൽ ഈ നിയമം ബാധകമല്ലെന്നും യോഗി പറഞ്ഞു.

ജൽഗാവ് ജില്ലയിലെ ജാംനറിൽ നടന്ന ‘ബഞ്ചാര കുംഭ് 2023’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി. ആർ.എസ്.എസ് പ്രവർത്തകരും ബഞ്ചാര സമുദായത്തിൽ നിന്നുള്ള നിരവധി നേതാക്കളും പരിപാടിയിൽ പ​​ങ്കെടുത്തു. “ഉത്തർപ്രദേശിൽ, ഇപ്പോൾ ആർക്കും മതപരിവർത്തനം നടത്താൻ കഴിയില്ല. അങ്ങനെ ചെയ്യുന്നതായി കണ്ടെത്തിയാൽ, കുറ്റവാളി 10 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. എങ്കിലും മതം മാറിയവർ തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ (ഘർ വാപ്പസി) അത്തരം വ്യക്തികൾക്ക് നിയമം ബാധകമല്ല (ശിക്ഷ നൽകില്ല). അവനോ അവൾക്കോ വീണ്ടും ഹിന്ദുവാകാൻ കഴിയും” -ആദിത്യനാഥ് പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും പഴക്കമേറിയ മതവും മനുഷ്യരാശിയുടെ ക്ഷേമത്തിന് വഴിയൊരുക്കുന്നതുമായ ‘സനാതന ധർമ്മം’ കൊണ്ട് രാജ്യം അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. സനാതന ധർമ്മം എന്നാൽ മാനവികതയാണ്. മതപരിവർത്തനം നടത്തുന്ന വഞ്ചനാപരമായ ചിന്താഗതിക്കാരായ ചിലരുണ്ട്. അവരെ തടയാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്. ജാതി-പ്രാദേശിക വിവേചനം ഇല്ലാതാക്കണം. വിഭജന തന്ത്രങ്ങളൊന്നും ഉപയോഗിക്കരുത്. അങ്ങനെയാണെങ്കിൽ ലോകത്തിലെ ഒരു ശക്തിക്കും നമ്മുടെ പുരോഗതി തടയാൻ കഴിയില്ല’ -ആദിത്യനാഥ് പറഞ്ഞു.