ഗുരുതര പിഴവുകളുടെയും, പകർത്തിയെഴുത്തിന്റെയും പേരിൽ വിവാദത്തിലായ ചിന്താ ജെറോമിന്റെ ഡോക്‌ടറേറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവ്വകലാശാല വിസിക്കും പരാതി നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഗവേഷണത്തിൽ ചിന്തയുടെ ഗൈഡായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്‌ടറേറ്റ് ലഭിച്ചത്. കേരള സർവകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.

അതേസമയം, തെറ്റ് കണ്ടെത്താൻ കഴിയാതിരുന്ന ഗൈഡായ മുൻ പ്രോ വിസിക്കും, മൂല്യനിർണയം നടത്തിയ വിദഗ്‌ധർക്കും സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെ ഡോക്‌ടറേറ്റ് നൽകിയെന്ന ആരോപണവും കേരള സ‍ർവകലാശാല നേരിടുന്നുണ്ട്. 

യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി. ബോധി കോമൺസ് എന്ന പോർട്ടലിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമർശവും ആശയവുമാണ് ചിന്ത പ്രബന്ധത്തിൽ എഴുതിയത് എന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയ്ൻ കമ്മിറ്റി കേരള സർവ്വകലാശാല അധികൃതർക്ക് ഇന്ന് പരാതി നൽകും. 

ചിന്തയുടെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവ്വകലാശാലയ്ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിൽ എഴുതിയിരുന്നത്. ഇത് വിവാദമായതോടെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി സർവ്വകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു.

വൈലപ്പിള്ളി എന്നതിന് പകരം ഇംഗ്ലീഷ് ലേഖനത്തിലേത് പോലെ വൈലോപ്പള്ളി എന്ന തെറ്റും ചിന്തയുടെ പ്രബന്ധത്തിലുണ്ട്. കൂടാതെ പ്രബന്ധത്തിലുള്ളതുപോലെ പ്രിയദർശന്റേയും രഞ്ജിത്തിന്റേയും സിനിമകളിലെ ജാതി, വർഗ്ഗ പ്രശ്‌നങ്ങൾ ബോധി കോമൺസിലെ ലേഖനവും ചർച്ച ചെയ്യുന്നു. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് ചിന്ത ജെറോം ഗവേഷണ പ്രബന്ധം സമർപ്പിച്ചത്.

കേരള സർവ്വകലാശാല മുൻ പിവിസി ഡോ. അജയകുമാറിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് 2012ൽ ഇംഗ്ലീഷ് സാഹിത്യത്തിന് ബിരുദം ലഭിച്ചത്. ഗവേഷണത്തിന് മേൽനോട്ടം വഹിച്ച പിവിസിയോ മൂല്യനിർണയം നടത്തിയവരോ പ്രബന്ധം പൂർണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാർശ ചെയ്തതെന്നും ആരോപണമുണ്ട്.