റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരിക്കൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ തനിക്കൊരു മിസൈൽ പതിപ്പിക്കാൻ തനിക്ക് ഒരു മിനിറ്റ് നേരം മാത്രം മതിയെന്ന് പുടിൻ ഭീഷണിപ്പെടുത്തിയതായി ബോറിസ് ജോൺസൺ ആരോപിക്കുന്നു. ബിബിസിക്കായി പുറത്തിറക്കിയ ‘പുടിൻ വി ദ വെസ്റ്റ്’ എന്ന പേരിൽ മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലാണ് ഈ വെളിപ്പെടുത്തൽ.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് മുമ്പ് ജോൺസണുമായി നടത്തിയ ഫോൺ കോളിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എല്ലാം അവസാനിപ്പിക്കാൻ മിസൈലിന് ഒരു മിനിറ്റ് മതിയെന്ന് പുടിൻ പറഞ്ഞതായി മുൻ യുകെ പ്രധാനമന്ത്രി പറഞ്ഞു. റഷ്യ ആക്രമിച്ചാൽ കടുത്ത പാശ്ചാത്യ ഉപരോധങ്ങൾ ഉണ്ടാകുമെന്നും നാറ്റോയ്ക്കുള്ള പിന്തുണ വർദ്ധിക്കുമെന്നും ജോൺസൺ മുന്നറിയിപ്പ് നൽകിയിരുന്നു 

‘പുടിൻ ഒരു ഘട്ടത്തിൽ എന്നെ ഭീഷണിപ്പെടുത്തി, ‘ബോറിസ്, എനിക്ക് നിന്നെ വേദനിപ്പിക്കാൻ ആഗ്രഹമില്ല, പക്ഷേ ഒരു മിസൈൽ അവിടെയെത്താൻ ഒരു നിമിഷം മതി.’ ജോൺസൺ പറഞ്ഞു. പുടിന്റെ അഭിപ്രായങ്ങളെ താൻ ഭീഷണിയായി കണക്കാക്കിയില്ലെന്നും പകരം യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ പിന്തുണക്കാനാണ് താൻ മുന്നോട്ട് പോയതെന്നും ജോൺസൺ പറഞ്ഞു.