ന്യൂഡൽഹി: ജമ്മു കാഷ്മീരിലുടെ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടും. കാഷ്മീരിലെ ഇരട്ട സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്.

ശനിയാഴ്ച രാവിലെയാണ് ജമ്മുകാഷ്മീരിലെ വ്യവസായമേഖലയായ നർവാളിൽ രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. പതിനഞ്ച് മിനിറ്റിന്‍റെ ഇടവേളകളിലുണ്ടായ ഇരട്ടസ്ഫോടനങ്ങളിൽ ഒന്പതു പേർക്കു പരിക്കേറ്റു.

അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിലെത്തിച്ച വാഹനത്തിലാണ് ആദ്യം സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പതിനഞ്ചുമിനിറ്റിനുശേഷമാണ് രണ്ടാം സ്ഫോടനം. പഴയ സാമ ഗ്രികൾ സൂക്ഷിച്ചിരുന്ന ഇടത്തായിരുന്നു ഇത്.

സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് എൻഐഎ സംഘം പരിശോധന നടത്തി. റിപ്പബ്ലിക് ദിനത്തിനു മുൻപ് ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് നിലവിലുണ്ടായിരുന്നു.