വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച സഹോദരിയുടെ ഭര്‍ത്താവിനെ സഹോദരന്മാര്‍ കൊലപ്പെടുത്തി. ഹൈദരാബാദിലെ ലാംഗര്‍ ഹൗസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ റോഡിലൂടെ ഓടുന്ന ഒരാളെ രണ്ട് പേര്‍ പിന്തുടരുന്നതും പിന്നീട് അയാളെ ആക്രമിക്കുന്നതായും കാണാമായിരുന്നു.

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്നും ഇതാണ് മരണ കാരണമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുവാവ് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാരാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റൊരാളുമായി വിവാഹനിശ്ചയം ഉറപ്പിച്ച യുവതി കഴിഞ്ഞ വര്‍ഷം വീട് വിട്ടിറങ്ങി യുവാവിനെ വിവാഹം കഴിച്ചതാണ് സഹോദരങ്ങളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.