ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ എഡിറ്റ് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തതിന്‌ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മീഡിയ കണ്‍വീനര്‍ ലാലന്‍ കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ത്രിപുരയിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ, ‘ബിജെപി സര്‍ക്കാര്‍ എന്നാല്‍ ബലാത്സംഗം’ എന്ന് നദ്ദ പറയുന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് കുമാര്‍ ട്വീറ്റ് ചെയ്തതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ബിജെപിയുടെ ശൈലേന്ദ്ര ശര്‍മ്മയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ജനുവരി 13 നാണ് ലാലന്‍ കുമാര്‍ പോസ്റ്റ് ചെയ്തത്. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 12 ന് ത്രിപുരയില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജെപി നദ്ദ.  പ്രസംഗത്തിനിടെ, ബിജെപയുടെ വിജയവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്‌സിസ്റ്റ്) പരാജയങ്ങളും തമ്മില്‍ നദ്ദ താരതമ്യം ചെയ്തിരുന്നു. ബിജെപിയുടെ ഭരണകാലത്ത് രാജ്യത്ത് നടപ്പാക്കിയ എല്ലാ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.