പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനംത്തിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ ദ്വാരക സ്വദേശി അഭിനവ് പ്രകാശിനെ (24) ഡൽഹി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന കാമുകിമാരുമായി തന്റെ സുഹൃത്തുക്കൾക്ക് കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് താൻ വ്യാജ ബോംബ് ഭീഷണി നടത്തിയതെന്ന് പ്രകാശ് പോലീസിനോട് പറഞ്ഞു.

ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബുണ്ടെന്ന് അജ്ഞാതൻ പറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്‌ച സർവീസ് നിർത്തിവച്ചിരുന്നു. രാത്രി 9.30 ന് ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട വിമാനം ഉടൻ തന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി, എല്ലാ യാത്രക്കാരെയും അവരുടെ ലഗേജുകളും സിഐഎസ്എഫ് പരിശോധിച്ചു.

182 യാത്രക്കാരെയും ജീവനക്കാരെയും പുറത്ത് ഇറക്കിയ ശേഷം വിമാനവും വിശദമായി പരിശോധിച്ചു. വിമാനം സുരക്ഷിതമാക്കുകയും സംശയാസ്‌പദമായ വസ്‌തുക്കളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്‌ത ശേഷം സ്‌പൈസ് ജെറ്റിന്റെ സുരക്ഷാ മാനേജർ വരുൺ കുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഭീഷണി സന്ദേശം വന്ന ഫോൺ നമ്പർ ലഭിച്ചതോടെ പോലീസ് സംഘം ദ്വാരക സ്വദേശിയായ അഭിനവ് പ്രകാശിനെ കണ്ടെത്തി. തൊട്ടുപിന്നാലെ ഇയാളുടെ വിലാസത്തിൽ റെയ്‌ഡ്‌ നടത്തുകയും കേസുമായി ബന്ധപ്പെട്ട് പ്രകാശിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

തന്റെ സുഹൃത്തുക്കളായ ബണ്ടി എന്ന രാകേഷും കുനാൽ സെഹ്‌രാവത്തും അടുത്തിടെ മണാലിയിൽ പോയിരുന്നുവെന്നും അവിടെ വച്ച് രണ്ട് യുവതിയുമായി സൗഹൃദത്തിലായെന്നും അഭിനവ് പ്രകാശ് വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ പൂനെയിലേക്ക് പോകുകയായിരുന്നു, എന്നാൽ പ്രകാശിന്റെ സുഹൃത്തുക്കൾ അവരുടെ കാമുകിമാരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അതിനാൽ അവരുടെ ഫ്ലൈറ്റ് വൈകിപ്പിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്യാൻ അഭിനവിനോട് ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്നാണ് സ്‌പൈസ് ജെറ്റ് എയർലൈൻസിന്റെ കോൾ സെന്ററിൽ ഒരു വ്യാജ ബോംബ് സന്ദേശം നൽകാൻ മൂന്ന് സുഹൃത്തുക്കളും ചേർന്ന് പദ്ധതി തയ്യാറാക്കിയത്, ഇതിലൂടെ വിമാനം റദ്ദാക്കുമെന്ന് അവർ പ്രതീക്ഷിച്ചു. അഭിനവ് പ്രകാശ് തന്റെ മൊബൈൽ ഫോണിൽ നിന്ന് സ്‌പൈസ് ജെറ്റിൽ വിളിച്ച് “എസ്‌ജി-8938 വിമാനത്തിൽ ബോംബുണ്ടെന്ന്” സന്ദേശം കൈമാറി. ഇതിന് പിന്നാലെ സ്‌പൈസ് ജെറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അവരുടെ ഫോൺ കോളുകൾ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് പ്രകാശ് വിമാനത്തിനുള്ളിലിരുന്ന സ്ത്രീകളെ വിളിച്ച് വിവരമറിയിച്ചിരുന്നു, വിമാനം വൈകുമെന്ന് അറിഞ്ഞതോടെ അവർ ആഘോഷവും തുടങ്ങി. അതേസമയം, അഭിനവ് പ്രകാശിനെ അറസ്‌റ്റ് ചെയ്‌തതറിഞ്ഞ് സുഹൃത്തുക്കൾ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു, ഇരുവരും ഇപ്പോൾ ഒളിവിലാണ്. രണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ. കഴിഞ്ഞ ഏഴു മാസമായി ഗുരുഗ്രാമിലെ ഡിഎൽഎഫ് കുത്തബ് പ്ലാസയിൽ ബ്രിട്ടീഷ് എയർവേയ്‌സിലെ ട്രെയിനിയായി ജോലി ചെയ്യുകയാണ് പിടിയിലായ അഭിനവ് പ്രകാശ്.