കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരാനിരിക്കുന്ന ‘ഹാത് സേ ഹാത് ജോഡോ’ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യാനുദ്ദേശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കത്ത് പുറത്തിറക്കി. ജനുവരി 26 മുതല്‍ കത്ത് രാജ്യവ്യാപകമായി വിതരണം ചെയ്യും. ‘ഇത് എന്റെ തപസ്യ ആയിരുന്നു, എന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ യാത്ര ഒന്നാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുക, ദുര്‍ബലരുടെ ആയുധമാകുക,  ഇന്ത്യയെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും വിദ്വേഷത്തില്‍ നിന്ന് സ്‌നേഹത്തിലേക്കും കഷ്ടപ്പാടില്‍ നിന്ന് സമൃദ്ധിയിലേക്കും നയിക്കുക എന്നതൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു’  ഭാരത് ജോഡോ യാത്രയിലെ അനുഭവം പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി തന്റെ കത്തില്‍ കുറിച്ചു. 

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി, റിപ്പബ്ലിക് ദിനത്തില്‍ ഹാത് സേ ഹാത്ത് ജോഡോ എന്ന പരിപാടിയുടെ പ്രചാരണം ആരംഭിക്കുമെന്ന് പാര്‍ട്ടി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. യാത്രയുടെ അനുഭവം പങ്കുവെച്ച് രാഹുല്‍ ഗാന്ധി കത്ത് അയക്കുമെന്നും കോണ്‍ഗ്രസ് പരാമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ ആദ്യ യോഗത്തിലായിരുന്നു ഈ തീരുമാനം. ഇതിനുപുറമെ, ഫെബ്രുവരി രണ്ടാംവാരം ഛത്തീസ്ഗഡിലെ റായ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നു ദിവസത്തെ പ്ലീനറി സമ്മേളനം നടത്താനും തീരുമാനമായിട്ടുണ്ട്. ഈ പ്രചാരണത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏകദേശം 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളും ആറ് ലക്ഷം ഗ്രാമങ്ങളും 10 ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളും ഉള്‍പ്പെടുത്തും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ യാത്രയും പദയാത്രയും നടത്തും.

ഹത് സേ ഹാത് ജോഡോ കാമ്പെയ്ന് കീഴില്‍, രാഹുല്‍ ഗാന്ധിയുടെ കത്തിനൊപ്പം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജത്തെക്കുറിച്ചുളള കാര്യങ്ങളും രാജ്യത്തെ എല്ലാ വീടുകളിലും എത്തിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സമാപിക്കും.