തിരുവനന്തപുരം: വിവാദപട്ടികയില്‍ പീഡനക്കേസ് വരെയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സുനുവിനെ പിരിച്ചു വിട്ടതിന് പിന്നാലെ മറ്റൊരു സി.ഐ.യ്‌ക്കെതിരേ കൂടി നടപടിക്കൊരുങ്ങി പോലീസ്. ഇത്തവണ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത് സി.ഐ. ജയസനലിനെയാണ്. പോക്‌സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

സുനുവിനെ പോലെ തന്നെ പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കും. അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്നു ജയസനില്‍. 17 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയസനില്‍ അറസ്റ്റ് ചെയ്ത യുവാവാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒക്‌ടോബറില്‍ കേസിന്റെ കാര്യത്തിനെന്ന് പറഞ്ഞ് ജയസനിലിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

17 കാരിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണചുമതല ഉണ്ടായിരുന്നത് ജയസനിലിന് ആയിരുന്നു. കേസിലെ പ്രതിയായിരുന്ന യുവാവ് ഗള്‍ഫിലായിരുന്നു. തുടര്‍ന്ന് കേസിന്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. ക്വാര്‍ട്ടേഴ്‌സില്‍ തന്നെ കാണാനെത്തിയ പ്രതിയോട് തന്റെ ചില താല്‍പര്യങ്ങള്‍ പരിഗണിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കിവിടാമെന്ന് പറഞ്ഞു. തുടര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും കേസില്‍ നിന്നും ഊരാന്‍ 50,000 രൂപ ചോദിക്കുകയും ചെയ്തു.

ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ പിരിച്ചുവിടുന്ന നടപടികളുമായി കേരളാ പോലീസ് മുന്നോട്ട്. സി ഐ പി ആര്‍ സുനുവിനു പിന്നാലെ സി ഐ ജയസനിലിനെതിരെയാണ് പിരിച്ചുവിടല്‍ നടപടി ആരംഭിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് പിരിച്ചുവിടല്‍ നീക്കം. നടപടിയുടെ ഭാഗമായി പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിന് നല്‍കും. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള നീക്കം പോലീസ് ആസ്ഥാനത്ത് ആരംഭിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പണം നല്‍കിയെങ്കിലും യുവാവിനെതിരെ ജയസനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. കേസില്‍ പിന്നീട് ജാമ്യഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിച്ച വിവരം യുവാവ് കോടതിയില്‍ പറഞ്ഞു. ജാമ്യം ലഭിച്ചതിനു ശേഷം അയിരൂര്‍ സ്റ്റേഷനിലെത്തിയ യുവാവ് സി ഐക്കെതിരെ പരാതി നല്‍കി. പോലീസിലെ ക്രിമിനലുകളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് സുനുവിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടത്.