തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടികളും വെക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. കോടതി ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കോടതി ഉത്തരവുകള്‍ നല്‍കിയിട്ടും മറ്റുള്ളവരുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാതെ സംഘടനകളും ജനങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെ സ്ഥാപിക്കാന്‍ ധൈര്യപ്പെടുകയാണെന്ന് കോടതി പറഞ്ഞു. അനധികൃത ബോര്‍ഡുകള്‍ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിര്‍ദേശം നടപ്പിലാക്കാത്ത ജീവനക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി വരുമെന്നും ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തതായി തദ്ദേശ സെക്രട്ടറിമാര്‍ ഹൈക്കോടതിയെ അറിയിച്ചു.