വാഷിങ്ടൺ: വൈസ് പ്രസിഡന്‍റ് പദവിയിലിരിക്കെ ഔദ്യോഗിക രഹസ്യരേഖകൾ കൈകാര്യം ചെയ്തതിൽ ജോ ബൈഡന് വീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക. അറ്റോർണി ജനറലാണ് അന്വേഷണം നടത്തുക.

അന്വേഷണത്തെ സ്വാഗതം ചെയ്ത പ്രസിഡന്‍റ് ജോ ബൈഡൻ പൂർണ സഹകരണം വാഗ്ദാനം ചെയ്തു. വീഴ്ച കണ്ടെത്തിയ ഉടൻ തന്നെ രേഖകൾ പുറത്തു പോകാതിരിക്കാൻ നടപടി സ്വീകരിച്ചെന്നും ബൈഡന്‍റെ പ്രസ് സെക്രട്ടറി വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന നവംബറിലാണ് ബൈഡനെതിരായ ആരോപണം പുറത്തുവന്നത്. ബൈഡന് വീഴ്ച പറ്റിയതിന്‍റെ തെളിവായി കൂടുതൽ ഫയലുകൾ പുറത്തുവന്നിട്ടുണ്ട്. യുക്രെയ്ൻ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നതിലാണ് ബൈഡന് പിഴവ് സംഭവിച്ചത്.

വിഷയം ഗൗരവമുള്ളതാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബറാക് ഒബാമ പ്രസിഡന്‍റും ജോ ബൈഡൻ വൈസ് പ്രസിഡന്‍റുമായിരുന്ന കാലത്താണ് പിഴവ് സംഭവിച്ചത്.

അമേരിക്കൻ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും കൈകാര്യം ചെയ്ത രഹസ്യ രേഖകൾ പദവി ഒഴിഞ്ഞ ശേഷം നാഷണൽ ആർക്കൈവ്സിന് കൈമാറണം.