എറണാകുളം വൈപ്പിനില്‍ ഒന്നര വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്നു കുഴിച്ചു മൂടിയതെന്ന് ഭര്‍ത്താവ്. എടവനക്കാട് വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയാണ് (32) കൊല്ലപ്പെട്ടത്.  ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. രമ്യയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് രമ്യയെ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയത്.

വാച്ചാക്കലില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിന്‍ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭര്‍ത്താവ് സജീവനും. ഒന്നരവര്‍ഷം മുമ്പ് കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് രമ്യയെ കാണാതായത്. അയല്‍വാസികള്‍ വിവരമന്വേഷിച്ചപ്പോള്‍ ബംഗ്ലൂരുവില്‍ ജോലി കിട്ടിയ രമ്യ അങ്ങോട്ട്  പോയെന്നായിരുന്നു സജീവന്റെ മറുപടി. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളില്‍ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. 

ഇതോടെ സജീവന്‍ ഭാര്യയെ കാണ്മാനില്ലെന്ന് പരാതി നല്‍കി. പത്തനംതിട്ടയിലെ നരബലി കേസുകള്‍ പുറത്ത് വന്നതോടെ പോലീസ് മിസിങ് കേസുകളില്‍ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താന്‍ കൊന്ന് മൃതദേഹം പറമ്പില്‍ തന്നെ കുഴിച്ച് മൂടിയെന്നാണ് സജീവന്‍ നല്‍കിയ മൊഴി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങല്‍ കണ്ടെത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഫൊറന്‍സിക് പരിശോധന നടത്തി മരിച്ചത് രമ്യ തന്നെയാണ് എന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.