ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ഹിന്ദുസ്ഥാൻ പരാമർശത്തിൽ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും. ‘ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തന്നെ തുടരണം’ യോജിക്കുന്നു, പക്ഷെ മനുഷ്യർ മനുഷ്യരായും തുടരണം എന്ന് കപിൽ സിബൽ പറഞ്ഞു.

മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാനോ നമ്മുടെ വിശ്വാസം പിന്തുടരാനോ അനുമതി നൽകാൻ മോഹൻ ഭാഗവത് ആരാണെന്ന് ഒവൈസി ചോദിച്ചു. നമ്മുടെ പൗരത്വത്തിന് ഉപാധികൾ വയ്ക്കാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യം വന്നു? സ്വന്തം രാജ്യത്ത് ഡിവിഷനുകൾ കെട്ടിപ്പടുക്കുന്ന തിരക്കിലാണെങ്കിൽ നിങ്ങൾക്ക് വസുധൈവ കുടുംബകം എന്ന് ലോകത്തോട് പറയാൻ കഴിയില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി മറ്റ് രാജ്യങ്ങളിലെ എല്ലാ മുസ്ലീം നേതാക്കളെയും കെട്ടിപ്പിടിക്കുന്നത്, എന്നാൽ സ്വന്തം രാജ്യത്ത് ഒരു മുസ്ലീമിനെയും കെട്ടിപ്പിടിക്കുന്നത് കാണാത്തതെന്നും ഒവൈസി ചോദിച്ചു.

ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്നും ഇവിടെ ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. മുസ്ലീങ്ങൾ തങ്ങളുടെ മേൽക്കോയ്മയുടെ വീരവാദം ഉപേക്ഷിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ‘മുസ്ലീങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല., നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന യുക്തി മുസ്ലീങ്ങൾ ഉപേക്ഷിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. 

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റർ പ്രഫുല്ല കേട്കറും പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കറും ചേർന്ന് നടത്തിയ അഭിമുഖത്തിലായിരുന്നു മോഹൻ ഭാഗവത്തിന്റെ പ്രതികരണം. മുസ്ലീങ്ങളുട പാത മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. ഞങ്ങൾ ഒരിക്കലും ഞങ്ങളുടേത് മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം തെറ്റാണെന്ന് പറയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.