ഡല്‍ഹി വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3 ലാണ് യാത്രക്കാരന്‍ പരസ്യമായി മൂത്രമൊഴിച്ചത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജനുവരി എട്ടിനാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ ജൗഹര്‍ അലി ഖാന്‍ എന്ന യാത്രക്കാരനാണ് മറ്റ് യാത്രക്കാരോട് നഗ്നത പ്രദര്‍ശനം നടത്തുകയും ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ മൂത്രമൊഴിക്കുകയും ചെയ്തത്. ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാനത്തിലാണ് ഇയാള്‍ പുറപ്പെടേണ്ടിയിരുന്നത്. മദ്യപിച്ചതായി സംശയിക്കുന്ന യാത്രക്കാരന്‍ മറ്റ് യാത്രക്കാരെ അസഭ്യം പറഞ്ഞതായും പോലീസ് പറഞ്ഞു. സിഐഎസ്എഫ് ന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐജിഐ എയര്‍പോര്‍ട്ട് പോലീസ് ഐപിസി 294, 510 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ മുംബൈ വ്യവസായിയായ ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം.