ഇസ്‌ളാമാബാദ്: ഭീകരാക്രമണങ്ങളും ഭക്ഷ്യ ദൗര്‍ലഭ്യവും പ്രതിസന്ധികളുമൊക്കെയായി പാകിസ്താന്‍ അഫ്ഗാനിസ്ഥാന്റെ പാതയില്‍. കഴിഞ്ഞ വര്‍ഷം 262 ഭീകരാക്രമണങ്ങള്‍ കണ്ട പാകിസ്താനില്‍ തെഹ്‌രീക് താലിബാന്‍ ശക്തി പ്രാപിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ 27 ശതമാനമാണ് പാകിസ്താനില്‍ ഭീകരാക്രമണം കൂടിയത്. 2021 നെ അപേക്ഷിച്ച് നാശനഷ്ടങ്ങള്‍ 25 ശതമാനവും കൂടി. കഴിഞ്ഞ വര്‍ഷം നടന്ന 14 ചാവേര്‍ സ്‌ഫോടനങ്ങളില്‍ 419 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 734 പേര്‍ക്ക് പരിക്കേറ്റു.

തീവ്രവാദി ആക്രമണങ്ങളില്‍ പ്രധാന റോള്‍ തെഹ്‌രീക് ഇ താലിബാനായിരുന്നു. 89 ഭീകരാക്രമണങ്ങളാണ് ഇവര്‍ നടത്തിയത്. ഐഎസ് കെ 23 ഭീകരാക്രമണങ്ങളും നടത്തി. തെഹ്‌രീക് ഇ താലിബാന്‍ സ്വന്തം സര്‍ക്കാരിനെയും പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിരോധം, ഇന്‍ഫര്‍മേഷന്‍, പൊളിറ്റിക്കല്‍ അഫയേഴ്‌സ്, സാമ്പത്തീകം, വിദ്യാഭ്യാസം, രഹസ്യാന്വേഷണ വിഭാഗം എന്നീ മന്ത്രാലയങ്ങളും സ്വന്തമായി കോടതിയും രൂപീകരിച്ചിരിക്കുകയാണ്.

സ്വന്തം അധികാര പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനായി ഖൈബര്‍ പഖ്തൂണ്‍ഖ്വയെയും, ഗില്‍ജിത് ബാള്‍ട്ടിസ്ഥാനെയുമാണ് ടിടിപി നോട്ടമിടുന്നത്. ഇതിനെല്ലാം പുറമേ പാകിസ്താനില്‍ വിലക്കയറ്റം രൂക്ഷമാക്കി ഭക്ഷ്യപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. ഗോതമ്പ് കിലോയ്ക്ക് 160 രൂപ വരെയായിരിക്കുകയാണ്. ഗോതമ്പ് വാങ്ങാനുള്ള തിരക്കില്‍പെട്ട് ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.