ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ജയില്‍ മോചിതരായി. ഇരുവര്‍ക്കും ബോംബെ ഹൈക്കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ചന്ദ കൊച്ചാര്‍ ബൈക്കുള വനിതാ ജയിലില്‍ നിന്നും ദീപക് കൊച്ചാര്‍ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നുമാണ് പുറത്തിറങ്ങിയത്.

വേണുഗോപാല്‍ ധൂതിന്റെ നേതൃത്വത്തിലുള്ള വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച് തങ്ങളെ സിബിഐ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ഇരുവരും അവകാശപ്പെട്ടിരുന്നു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 46(4) പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ഇത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ചന്ദ കൊച്ചാറിന്റെ അഭിഭാഷകരായ രോഹന്‍ ദക്ഷിണിയും കുശാല്‍ മോറും വാദിച്ചിരുന്നു. അറസ്റ്റ് നടക്കുമ്പോള്‍ വനിതാ പോലീസിന്റെ സാന്നിധ്യമില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചന്ദയുടെ അറസ്റ്റ് മെമ്മോയില്‍ ഒരു വനിതാ പോലീസ് ഓഫീസറുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. 

ഒരാഴ്ചയോളം സിബിഐ റിമാന്‍ഡിലായിരുന്ന ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. വീഡിയോകോണ്‍-ഐസിഐസിഐ ബാങ്ക് വായ്പാ കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 25നാണ് ദമ്പതികളെ സിബിഐ അറസ്റ്റ് ചെയ്തത്. മകന്റെ വിവാഹം ഈ മാസം നടക്കാനിരിക്കെയാണ് ഇവര്‍ ഇടക്കാലാശ്വാസം തേടിയത്.

ചന്ദ കൊച്ചാര്‍ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസര്‍വ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോണ്‍ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വീഡിയോകോണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നല്‍കിയെന്നുമാണ് കേസ്. വിഡിയോകോണ്‍ ഗ്രൂപ് മേധാവി വേണുഗോപാല്‍ ദൂതും ഗ്രൂപ്പിനു കീഴിലെ കമ്പനികളും ദീപക് കൊച്ചാറിന്റെ കമ്പനികളും കേസില്‍ പ്രതികളാണ്. ഗൂഢാലോചനക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണ് കേസ്.