ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങൾ ഇന്ന് മുതൽ പൊളിച്ചു നീക്കും. ഹോട്ടലുകൾ അടക്കമുള്ള വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ള മൗണ്ട് വ്യൂ, മല്ലാരി ഇൻ എന്നീ ഹോട്ടലുകൾ ആദ്യം പൊളിക്കും. ഈ ഹോട്ടലുകളിൽ വിള്ളലുകൾ ഉണ്ടാവുകയും ഒരു ഭാഗത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുകയുമാണ്. ഹോട്ടലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 

ട്രാഫിക് പോലീസ് സമീപ പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കും, ഉത്തരാഖണ്ഡ് പോലീസ് ക്രമസമാധാന നില കൈകാര്യം ചെയ്യും. പൊളിക്കൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ സംസ്ഥാന ദുരന്ത പ്രതികരണ സേനയെ വിനിയോഗിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളി്കാൻ ചീഫ് സെക്രട്ടറി എസ്എസ് സന്ദു ഉത്തരവിട്ടിരുന്നു. ആളുകൾ വീടുവിട്ട് സർക്കാർ ഒരുക്കിയ ഷെൽട്ടർ ഹോമിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. 

ജോഷിമഠിനെ ഭൂമിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്. അപകട മേഖല, ബഫർ സോൺ, പൂർണ്ണ സുരക്ഷയുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചത്. മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിലെ 600ൽ ഏറെ കെട്ടിടങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്. ഇതിൽ ഗുരുതരമായ ഭീഷണി നേരിടുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്ന് അധികൃതർ അറിയിച്ചു.