ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയുടെ കൂറ്റന്‍ പൊതു റാലിയിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ എന്നിവര്‍ക്കാണ് ക്ഷണം. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനേയും ജനുവരി 18 ന് ഖമ്മമില്‍ നടക്കുന്ന പൊതുറാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പേര് തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് ബിആര്‍എസ് എന്നാക്കിയതിന് ശേഷമുള്ള ആദ്യ പൊതു റാലിയാണിത്.

പരിപാടിയോടനുബന്ധിച്ച് ഖമ്മത്ത് പാര്‍ട്ടിയുടെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം പൊതുസമ്മേളനം നടക്കും. സംക്രാന്തി ഉത്സവത്തിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും ബിആര്‍എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ദേശീയ രാഷ്ട്രീയ അജണ്ട ത്വരിതപ്പെടുത്തുമെന്നും കെസിആര്‍ പ്രഖ്യാപിച്ചിരുന്നു. പൊതുയോഗത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നത്.

ഈ റാലി രാജ്യത്തെ സമാന ചിന്താഗതിക്കാരായ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യം പ്രകടിപ്പിക്കാനുള്ള വേദിയാകുമെന്ന് ഭാരത് രാഷ്ട്ര സമിതി പറയുന്നു. റാലിയില്‍ ചന്ദ്രശേഖര്‍ റാവു ബിആര്‍എസിന്റെ ദേശീയ പദ്ധതികള്‍ വിശദീകരിക്കും. പാര്‍ട്ടിയുടെ ദേശീയ അജണ്ടയുടെ വിശാലമായ രൂപരേഖ അദ്ദേഹം റാലിയില്‍ അവതരിപ്പിച്ചേക്കും. നേരത്തെ പേര് മാറ്റുന്നതിന് പുറമെ പാര്‍ട്ടിക്കായി ഡല്‍ഹിയില്‍ ആസ്ഥാനവും കെസിആര്‍ തുറന്നിരുന്നു.