കൊച്ചി: എറണാകുളം അതിരൂപത അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ജനുവരി 8ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് നടത്തുന്ന അതിരൂപത സംരക്ഷണറാലി മാറ്റമില്ലെന്ന് അല്മായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചു.

എറണാകുളം അതിരൂപതയുടെ പ്രശ്നങ്ങൾ സിനഡ് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നുള്ള കർദിനാൾ ആലഞ്ചേരിയുടെ കത്തിനെ എറണാകുളം അതിരൂപത അല്മായ മുന്നേറ്റം സ്വാഗതം ചെയ്യുന്നു.
എറണാകുളം അതിരൂപത വിശ്വാസികളും വൈദീകരും ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് രേഖാമൂലം സ്ഥിരം സിനഡിന്റെ ഉറപ്പ് ലഭിച്ചാൽ മാത്രം പ്രതിഷേധറാലി എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ആലോചിക്കും

1) മാർ ആൻഡ്റൂസ് താഴത്തിന്റെ നോമിനി ഫാ. ആന്റണി പൂതവേലിയെ ഉടൻ പിൻവലിക്കുക, നിലവിലെ വികാരിയുടെ അധികാരങ്ങൾ നിലനിർത്തുക.
2) എറണാകുളം അതിരൂപതയിലെ ജനാഭിമുഖ കുർബാന സിനഡ് നിയമാനുസൃതമാക്കുക, അംഗീകരിക്കുക.
3) ഡിസംബർ 23, 24 തീയതികളിൽ കത്തിഡ്രൽ ബസിലിക്കയിൽ മാർ ആൻഡ്റൂസ് താഴത്തിന്റെയും, ഫാ. ആന്റണി പൂതവേലിയുടെയും നിർദേശാനുസരണം നടന്ന അക്രമങ്ങൾക്ക് നടപടി എടുക്കുക.
4) എറണാകുളം അതിരൂപതയുടെ ആർച്ച് ബിഷപ്പ് ആയിരുന്ന മാർ ആന്റണി കരിയിലിന് നീതി നടപ്പാക്കുക.
5) എറണാകുളം ഭൂമികുംഭകോണത്തിൽ വത്തിക്കാൻ നിർദേശിച്ച റെസ്റ്റിട്യൂഷൻ നടപ്പാക്കുക.
എന്നിവയാണ് എറണാകുളം അതിരൂപത അല്മായ മുന്നേറ്റത്തിന്റെ ആവശ്യങ്ങൾ

എറണാകുളം അതിരൂപത വിശ്വാസികളും വൈദീകരും ജനുവരി 8ന് 3മണിക്ക് കാക്കനാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് മൗണ്ട് സെന്റ് തോമസിലേക്ക് അതിരൂപത സംരക്ഷണറാലി നടത്തുന്നു. ഡിസംബർ 23,24 തീയതികളിൽ കത്തിഡ്രൽ ബസിലിക്കയിൽ അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്റൂസ് താഴത്തിന്റെ പിന്തുണയോടെ നടത്തിയ അക്രമങ്ങൾക്കും വിശുദ്ധ കുർബാനയോട് കാണിച്ച അനാദരവിനെതിരെ, അതിന് മുഴുവൻ പിന്തുണയും നൽകിയ പോലീസിനെതിരെ, സർക്കാരിന്റെ പക്ഷപാത നിലപാടിനെതിരെയും ആണ് റാലി സംഘടിപ്പിക്കുന്നത്.
കർദിനാൾ ആലഞ്ചേരിയുടെ കത്ത് പുറത്ത് വന്നതിനെ തുടർന്ന് അല്മായ മുന്നേറ്റം അതിരൂപത കോർ ടീം അടിയന്തിര യോഗം ഓൺലൈനിൽ ചേർന്നാണ് തീരുമാനങ്ങൾ കൈകൊണ്ടത്. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ്, ഷിജോ മാത്യു, ബോബി ജോൺ, ഷൈജു ആന്റണി, ജെമി ആഗസ്റ്റിൻ, കെ എം ജോൺ, ജോജോ ഇലഞ്ഞിക്കൽ, വിജിലൻ ജോൺ, റിജു കാഞ്ഞൂക്കാരൻ, അഡ്വ.ബിനു ജോൺ, ബിജു തോമസ്, നിമ്മി ആന്റണി, പാപ്പച്ചൻ ആത്തപ്പിള്ളി, സൂരജ് പൗലോസ് എന്നിവർ സംസാരിച്ചു.