കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സിനഡില്‍ ചര്‍ച്ച ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം അവസാനിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനാഭിമുഖ കുര്‍ബാനയ്ക്കായി സിനഡിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അതിരൂപത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്റെ പ്രസ്താവന.

ഇന്ന് മുതല്‍ എട്ട് ദിവസം നീളുന്ന സമ്പൂര്‍ണ സിനഡില്‍ സഭാപരമായ പരിഹാര മാര്‍ഗം ഉറപ്പാക്കുമെന്നും കര്‍ദ്ദിനാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിഷേധ പ്രകടനങ്ങൾ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ എന്നിവ ഒഴിവാക്കണമെന്നും കർദിനാൾ അഭ്യര്‍ത്ഥിച്ചു. സിനഡില്‍ 9ന് ചേരുന്ന മെത്രാന്മാരുടെ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചചെയ്യും.

സിനഡ് നടക്കുന്ന കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവന്‍ വൈദികരും വിശ്വാസികളും ചേര്‍ന്ന് വന്‍പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പ്രഖ്യാപിച്ചിരുന്നു. അതിരൂപതയ്ക്ക് മാത്രമായി ജനാഭിമുഖ കുര്‍ബാന മെത്രാന്മാരുടെ യോഗത്തില്‍ നിയമപരമായി അനുവദിച്ച് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഒമ്പതാം തിയതി തിങ്കളാഴ്ചയാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ്ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ സിനഡിലെ ഏകീകൃത കുര്‍ബാന നടപ്പാക്കാനുളള തീരുമാനം എറണാകുളം- അങ്കമാലി അതിരൂപതില്‍ മാത്രം നടപ്പാക്കാത്തത് പുതിയ സിനഡില്‍ ചര്‍ച്ച ചെയ്യും.