മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ബൂത്തതലം മുതല്‍ പ്രചരണപ്രവർത്തനങ്ങള്‍ സജീവമാക്കിയ കോണ്‍ഗ്രസ് ഉടന്‍ തന്നെ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പാർട്ടി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

അമ്പതിലേറെ സീറ്റുകളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഇതോടൊപ്പം തന്നെ മറ്റ് പാർട്ടികളില്‍ നിന്നുള്ള ജനകീയരായ നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടർന്ന് വരികയാണ്. ഈ ശ്രമത്തിന്റെ ഭാഗമായാണ് ജെ ഡി എസില്‍ നിന്നുള്ള പ്രമുഖ നേതാവിനെ തന്നെ കോണ്‍ഗ്രസ് പാർട്ടിയില്‍ എത്തിച്ചിരിക്കുന്നത്.

മുന്‍ എം എല്‍ എയും സംസ്ഥാനത്തെ പ്രമുഖ നേതാവുമായ വെ എസ് വി ദത്തയാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ജനുവരി 15ന് കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് ദത്തക്ക് സ്വീകരണം ഒരുക്കും. ജനുവരി 5 ന് ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ യാഗതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ദത്ത വ്യക്തമാക്കിയത്.

ഏറെ നാളത്തെ ചർച്ചകള്‍ക്ക് ശേഷം ജനുവരി 15 ന് പാർട്ടിയിൽ ചേരാൻ തനിക്ക് അടുത്തിടെ കോൺഗ്രസ് ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചു. മണ്ഡലത്തില്‍ പങ്കെടുപ്പിക്കുന്ന പരിപാടിയില്‍ തന്റെ അനുയായികളോടൊപ്പം ഞാന്‍ കോണ്‍ഗ്രസില്‍ ചേരും. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

“ഞാൻ കടൂരിലെ ആളുകളുമായി നിരന്തരം സംസാരിച്ചിട്ടുണ്ട്. പലരും എന്നെ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ അനുകൂലിച്ചു. മണ്ഡലത്തിലെ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണ്. എന്റെ അനുയായികളുടെയും പ്രവർത്തകരുടെയും അഭിപ്രായത്തിന് അനുസരിച്ച് ഞാൻ ഈ തീരുമാനമെടുത്തു, “അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം എന്നെ എം എൽ സിയാക്കി, അത് എന്റെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ചു. എന്നാൽ, ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ഞാൻ കോൺഗ്രസിൽ ചേരുകയാണ്. എന്റെ തീരുമാനം അദ്ദേഹത്തെ അറിയിക്കുന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. പക്ഷേ, അജ്ജേഗം എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, “- എന്നുമായിരുന്നു ജെ ഡി എസുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും ദേവഗൗഡയെക്കുറിച്ചും ചോദിച്ചപ്പോള്‍ ദത്തയുടെ മറുപടി.

2013-ലാണ് കഡലൂർ സീറ്റിൽ നിന്ന് ജെ ഡി (എസ്) ടിക്കറ്റിൽ കർണാടക നിയമസഭയിലേക്ക് ദത്ത വിജയിക്കുന്നത്. നേരത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 2018ൽ ജെഡി(എസ്) ടിക്കറ്റിൽ വീണ്ടും മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജെ ഡി എസ് പ്രാദേശിക നേതൃത്വവുമായി അകന്ന് കഴിയുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.