മുൻ മന്ത്രി എംഎം മണിയെ അധിക്ഷപിച്ച് വികെ ശ്രീകണ്ഠൻ എംപി. ബഫർ സോൺ വിഷയത്തിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് എംപിയുടെ വിവാദ പരാമർശം. പീച്ചി ഡാം ഉപഗ്രഹ സര്‍വേയില്‍ കാണുന്നില്ലെന്ന വിഷയം പരാമര്‍ശിച്ച് കൊണ്ടായിരുന്നു പരിഹാസം.

പ്രകൃതി ദുരന്തമുണ്ടായത് ഈ ബഫര്‍ സോണ്‍ ഇല്ലാത്തതിന്‍റെ കുറവാണെന്നാ.ആ എംഎം മണി അവിടിരുന്ന ചിരിക്ക്യാണ്. ഞാന്‍ തുറന്നുവിട്ട ഡാം ഈ സര്‍ക്കാരിന്‍റെ മന്ത്രിക്ക് കാണാനേയില്ലെന്നാ പറയണത്. പുള്ളി തുറന്നുവിട്ട ഡാമാണ്. ആര് മണി തുറന്ന് വിട്ടത്. അതിപ്പഴത്തെ മന്ത്രിമാര്‍ക്ക്, എട്ടും പൊട്ടും തിരിയാത്ത മന്ത്രിമാര് വന്നാല്‍ ഇങ്ങനെയിരിക്കുമെന്നാണ് പൊട്ടനായ മണി പറയണത്. നിങ്ങള് ഒന്നാലോചിച്ചു നോക്ക്… നമ്മളെ ഈ വഴിക്കാക്കിയ ആശാനാണ്. അദ്ദേഹം ഈ നാടു മുഴുവനുമുള്ള ഡാം തുറന്നുവിട്ട്, അനിയന്ത്രിതമായി വെള്ളം വന്ന് വീടും സ്ഥലവും കൃഷിയും എല്ലാം നശിച്ചു’, എന്നായിരുന്നു ശ്രീകണ്ഠൻ എംപിയടെ വാക്കുകൾ.

അതേസമയം യു പി എ സർക്കാരിന്റെയും കേരളത്തിലെ മുൻ യുഡിഎഫ് സർക്കാരിന്റെയും കാലത്തെ വിവാദ നടപടികളാണ് ബഫർസോൺ വിഷയം സങ്കീർണമാക്കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം എം എം മണി പ്രതികരിച്ചത്. 12 കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്. എന്നാൽ, പിണറായി സർക്കാർ, ബഫർസോൺ വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തി വനം മന്ത്രിയെക്കൊണ്ട് നിയമസഭയിൽ ബില്ല് അവതരിപ്പിച്ച് സുപ്രീംകോടതി എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിച്ചു. ഇപ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സ്ഥലപരിശോധനയും വിവരശേഖരണവും നടന്നുവരുന്നു. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി വനമേഖലയിൽ മാത്രമായി ബഫർ സോൺ നിജപ്പെടുത്തണമെന്നാണ് എൽഡിഎഫ് നിലപാട്.സ്ഥല പരിശോധന പൂർത്തിയായൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.