മുംബൈ: മഹാരാഷ്ട്രയിലെ യവത്മാലില്‍ രോഗിയുടെ ആക്രമണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്ക്. വസന്തറാവു നായിക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ (ജിഎംസി) ഡോക്ടര്‍മാരെയാണ് രോഗി കുത്തിയത്. ഇതിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഡോക്ടര്‍ ജെബി സ്റ്റാന്‍ പോള്‍, അഭിഷേക് ഝാ എന്നിവരെയാണ് രോഗി ആക്രമിച്ചത്. ജനറല്‍ സര്‍ജറിയില്‍ ഒന്നാം വര്‍ഷ റസിഡന്റ് ഡോക്ടര്‍മാരാണ് ഇരുവരും. വാര്‍ഡിലെ പതിവ് പരിശോധനയ്ക്കിടെയായിരുന്നു രോഗിയുടെ ആക്രമണമുണ്ടായത്. ഡിസ്‌പെന്‍സറിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിയാണ് ഡോക്ടറെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യവത്മാല്‍ സിറ്റി പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സമരം പ്രഖ്യാപിച്ചിരുന്നു. ”ജനുവരി 5 ന് വൈകുന്നേരം 7:30 ന് ജിഎംസി യവത്മാലില്‍ പതിവ് റൗണ്ടുകള്‍ക്കിടയില്‍ ഒരു രോഗി ജനറല്‍ സര്‍ജറിയിലെ ഒന്നാം വര്‍ഷ ഡോക്ടറെ കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷന്‍ നടത്തിവരികയാണ്. അതിനാല്‍ ഞങ്ങള്‍ സമരം പ്രഖ്യാപിച്ചു’, സംഘടന പ്രസ്താവന ഇറക്കി. സംഭവത്തില്‍ പ്രകോപിതരായ ട്രെയിനി ഡോക്ടര്‍മാര്‍ ആശുപത്രി വളപ്പില്‍ ധര്‍ണ നടത്തി. യവത്മാല്‍ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ ഡോക്ടര്‍മാര്‍ ഡീനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.