ആല്‍ബനി(ന്യൂയോര്‍ക്ക്): അമേരിക്കയിലെ സംസ്ഥാനങ്ങളിലുള്ള നിയമസഭാ സമാജികരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനം ഉണ്ടാകുന്നവര്‍ എന്ന ബഹുമതി 2023 മുതല്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ നിയമസഭാ സാമാജികരാണെന്ന് റിപ്പോർട്ട്.

ന്യൂയോര്‍ക്ക് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കാത്തിഹോച്ചല്‍ ഒപ്പുവെച്ച പുതിയ ഉത്തരവനുസരിച്ചു നിയമസഭാ സമാജികര്‍ക്ക് 29 ശതമാനമാണ് വര്‍ധനവ് ലഭിക്കുക(32000). ഇപ്പോള്‍ ഇവരുടെ അടിസ്ഥാന വാര്‍ഷിക വരുമാനം 142000 ഡോളറായി വര്‍ധിച്ചു. 2022ല്‍ ഇവര്‍ക്ക് ലഭിച്ചിരുന്നത് 110,000 ഡോളറായിരുന്നു.

കാലിഫോര്‍ണിയാ ലൊമേക്കേഴ്‌സിനായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ സാലറി ലഭിച്ചിരുന്നത്(119000).

ശമ്പള വര്‍ദ്ധനവിനെ കുറിച്ചുള്ള ബില്‍ കഴിഞ്ഞ ഡിസംബറിലാണ് ന്യൂയോര്‍ക്ക് നിയമസഭാ പ്രത്യേക സമ്മേളനത്തില്‍ പാസാക്കിയത്. ന്യൂയോര്‍ക്കില്‍ ഈ നിയമം 2023 ജനുവരി 1 മുതലാണ് നിലവില്‍ വരിക. ഇത്രയും വര്‍ധനവിന് പുറമെ 35000 ഡോളര്‍ കൂടി മറ്റു ഇനങ്ങളില്‍ ഇവര്‍ക്ക് ലഭിക്കും.

2018ലായിരുന്നു ന്യൂയോര്‍ക്ക് അസംബ്ലി അംഗങ്ങള്‍ക്ക് അവസാനമായി ശമ്പള വര്‍ധനവ് ലഭിച്ചതും. ജീവിതനിലവാര സൂചിക ഉയര്‍ന്നതോടെ ശമ്പളവര്‍ദ്ധനവ് അനിവാര്യമായി എന്നാണ് ഭരണകക്ഷി അംഗങ്ങള്‍ ഒരേപോലെ അഭിപ്രായപ്പെട്ടത്.