തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരാനുള്ള ആലോചനയുമായി സര്‍ക്കാര്‍ . സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്ന രീതിയാണ് ആശ്രിത നിയമനം.  സർവ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്തു. യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന. ഈ മാസം പത്തിന് ഉച്ചയ്ക്ക് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്.

ആശ്രിത നിയമനം പൂർണമായും  ഇല്ലാതാക്കാനല്ല സംസ്ഥാനത്തിന്‍റെ തീരുമാനം. മറിച്ച് സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ ഒരാൾക്ക് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെങ്കിൽ, അവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. തുടർന്ന് ഈ അവസരം പിഎസിക്ക് വിട്ടു നൽകാനും തീരുമാനമുണ്ട്.

പിന്നീട് ഇവര്‍ക്ക് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതും യോഗത്തില്‍ ചര്‍ച്ചയായേക്കും.