രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടന്‍ കമല്‍ഹാസന്‍  പങ്കാളിയായിരുന്നു. ചെങ്കോട്ടയിലെ സമാപന സമ്മേളനത്തിലാണ് കമല്‍ഹാസന്‍ പങ്കെടുത്തത്. വലിയ ജനപങ്കാളിത്തമാണ് റാലിയില്‍ ഉണ്ടായത്. ചടങ്ങില്‍ കമല്‍ഹാസന്‍ മുഖ്യാതിഥിയായി. യാത്രയിലും ഏറെ നേരം കമല്‍ രാഹുലിനൊപ്പം നടക്കുകയും ചെയ്തു.

ഇപ്പോഴിതാ കമലിനൊപ്പമുള്ള സംഭാഷണം തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. വീഡിയോയിൽ, താൻ കൗമാരത്തിൽ ഗാന്ധിജിയുടെ കടുത്ത വിമർശകനായിരുന്നുവെന്ന് പറയുകയാണ് കമൽഹാസൻ. താൻ മഹാത്മാഗാന്ധിയെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ടെന്നും എന്നാൽ കൗമാരത്തിൽ താൻ ജീവിച്ചുപോന്ന ചുറ്റുപാട് തന്നെ രാഷ്ട്രപിതാവിന്റെ കടുത്ത വിമർശകനാക്കിയെന്നും കമൽ പറഞ്ഞു.

“ഏകദേശം 24-25 [പ്രായം] ഞാൻ സ്വയം ഗാന്ധിയെ മനസിലാക്കി. കാലക്രമേണ, ഞാൻ ഒരു ആരാധകനായി. അതുകൊണ്ടാണ് ഞാൻ ഹേ റാം എന്ന സിനിമ ചെയ്തത്. എന്നോട് ക്ഷമിക്കണം എന്നുപറയാനുള്ള ഏക വഴി അത് മാത്രമായിരുന്നു- കമൽഹാസൻ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വദ്ര എടുത്ത കടുവ വെള്ളം കുടിക്കുന്ന ചിത്രം രാഹുൽ കമൽഹാസന് സമ്മാനിച്ചു.“ഇത് നിങ്ങളുടെ ജീവിതത്തോടുള്ള സമീപനത്തെയും മനോഭാവത്തെയും കുറിച്ച് പറയുന്നു, നിങ്ങൾ ഒരു മികച്ച ഇന്ത്യക്കാരനും മികച്ച ചാമ്പ്യനുമാണെന്ന വസ്തുത ഞങ്ങളോട് പറയുന്നു,” ഛായാചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി കമൽഹാസനോട് പറഞ്ഞു.

‘വിദ്വേഷം യഥാർത്ഥത്തിൽ അന്ധതയും തെറ്റിദ്ധാരണയുമാണ്’ എന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട്, വിദ്വേഷത്തിന്റെ ഏറ്റവും മോശമായ രൂപം കൊലപാതകമാണ് എന്നാണ് കമൽ അഭിപ്രായപ്പെട്ടത്.