സ്വകാര്യ പരിപാടിയ്ക്കിടെ തോക്കുമായി നൃത്തം ചെയ്ത കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കും. മദ്ധ്യപ്രദേശിലെ കോട്മയിലുള്ള നിയമസഭാഗമായ എംഎൽഎ സുനീൽ സറഫാണ് തോക്ക് ചൂണ്ടി നൃത്തം ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വലിയ വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു. സുനീൽ സറഫിനെതിരെ നടപടിയെടുക്കുമെന്ന് മദ്ധ്യപ്രദേശ് പോലീസ് അറിയിച്ചു. 

സ്റ്റേജിൽ മറ്റ് നാല് പേർക്കൊപ്പം നൃത്തം ചെയ്യുമ്പോൾ കൈത്തോക്ക് പിടിച്ച് നിൽക്കുന്ന സുനീൽ സറഫിനെ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ കോൺഗ്രസ് എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാൻ അനുപൂർ എസ്പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

സുനീൽ സറഫിനെതിരെ നേരത്തേയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒക്ടോബറിൽ രേവാഞ്ചൽ എക്സ്പ്രസിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് കോൺഗ്രസ് എംഎൽഎക്കെതിരെ കേസെടുത്തത്. രേവയിൽ നിന്ന് ഭോപ്പാലിലേക്ക് ഭർത്താവിനും ഏഴ് മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ സറഫും മറ്റൊരു നിയമസഭാംഗവും ശല്യപ്പെടുത്തിയിരുന്നു. 

യുവതിയുടെ ഭർത്താവ് ട്വിറ്ററിൽ സഹായത്തിനായി പോലീസിനെ സമീപിച്ചു, തുടർന്ന് സാഗറിലെ റെയിൽവേ പോലീസ് ട്രെയിനിൽ കയറി അവരെ സഹായിച്ചിരുന്നു.