കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന അതിക്രമത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ആന്റണി പൂതവേലില്‍ ശ്രമിക്കുന്നതായി അല്മായ മുന്നേറ്റം. ബസിലിക്കയില്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ നിന്ന് നേതൃത്വം നല്‍കിയത് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നോമിനിയായ ഫാ. ആന്റണി പൂതവേലില്‍ തന്നെയാണെന്നും പോലീസ് അന്വേഷണം തുടങ്ങുന്നതിനു മുന്‍പേ തെളിവുകള്‍ നശിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അല്മായ മുന്നേറ്റം പത്രപ്രസ്താവനയില്‍ ആരോപിച്ചു.

ബസിലിക്ക കത്തിഡ്രല്‍ ദേവാലയത്തില്‍ ഡിസംബര്‍ 23, 24 തീയതികളില്‍ നടന്ന അക്രമങ്ങളുടെ അന്വേഷണം പോലീസ് ആരംഭിക്കുന്നതിന് മുന്‍പ്, ബുധനാഴ്ചരാവിലെ ഫാ. ആന്റണി പൂതവേലില്‍ പള്ളിയിലെ കാപ്യരോട്(ദേവാലയ ശുശ്രൂഷി) പള്ളിയുടെ അള്‍ത്താര അടിച്ചു വൃത്തിയാക്കാനും, പള്ളിയുടെ ഉള്‍വശം പെയിന്റിംഗ് നടത്താനും ആളെ അറേഞ്ച് ചെയ്തിട്ടുണ്ട് അതിന് വേണ്ടുന്ന സൗകര്യം ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടുക ആയിരുന്നു. എന്നാല്‍ അക്രമസംഭവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഉള്ളത് കൊണ്ട് അത് പ്രശ്‌നം ആകുമെന്നും താനും കേസില്‍ പ്രതിയാകാന്‍ സാധ്യത ഉണ്ടെന്നും കപ്യാര്‍ മറുപടി നല്‍കി. പക്ഷേ അത് ചെവി കൊള്ളാന്‍ ഫാ. പൂതവേലില്‍ തെയ്യാറായില്ലെന്ന് മാത്രമല്ല, താന്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചാല്‍ മതി കൂടുതല്‍ ഇങ്ങോട്ട് ഒന്നും പറയാന്‍ നില്‍ക്കരുത് എന്ന് ഭീഷണി മുഴക്കുക ആയിരുന്നുവെന്ന് അല്മായ മുന്നേറ്റം പറയുന്നു.

ഇതേ തുടര്‍ന്ന് സഹവികാരിയും ഇത് നിയമവിരുദ്ധമാണെന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ അടിയന്തിരമായി എഡിഎമ്മിനെ രാവിലെ മുതല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച എഡിഎമ്മി നെയും, സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒയേയും നേരില്‍ കണ്ടു വിവരം ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബസിലിക്ക ഇടവക സമിതി അംഗങ്ങള്‍.

ബസിലിക്കയില്‍ നടന്ന മുഴുവന്‍ അക്രമങ്ങള്‍ക്കും കാരണക്കാരന്‍ ആയ വ്യക്തി തന്നെ ജില്ലാ ഭരണകൂടം അടച്ചു പൂട്ടി എന്ന് പറയുന്ന ബസിലിക്കയുടെ താക്കോല്‍ കൈവശം വച്ചിരിക്കുന്നു എന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു. ബിഷപ്പ് ഹൗസില്‍ അക്രമം നടത്തിയവര്‍ തന്നെ ആണ് ബസിലിക്കയിലും അക്രമം നടത്തിയത്, അവരെ സംരക്ഷിക്കുന്നത് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഫാ.ആന്റണി പൂതവേലിലും ആണെന്ന് അല്മായ മുന്നേറ്റം കുറ്റപ്പെടുത്തി.

ബസിലിക്ക അക്രമങ്ങള്‍ക്ക് എതിരെ ഫൊറോന കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധം തുടരുകയാണെന്ന് അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍, കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.