മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രിയും ശിവസേന (യുബിടി) നേതാവുമായ ഉദ്ധവ് താക്കറെ . കഴിഞ്ഞ ദിവസം ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ട്ടി ഓഫീസില്‍ ശിവസേനയുടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെയുടെ പ്രതികരണം. 

‘അവര്‍ നേതാക്കളെ മോഷ്ടിച്ചു, അവര്‍ പാര്‍ട്ടിയെ മോഷ്ടിച്ചു, ഇപ്പോള്‍ അവര്‍ ഞങ്ങളുടെ പാര്‍ട്ടി ഓഫീസ് മോഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെയാണോ സര്‍ക്കാര്‍ വളരേണ്ടത് എന്ന ചോദ്യം ഇപ്പോള്‍ ജനങ്ങളുടെ മനസില്‍ ഉണ്ടാകും. ഒന്നും ചെയ്യാന്‍ ധൈര്യമില്ലാത്തവരാണ് ഓഫീസുകള്‍ മോഷ്ടിക്കാനെത്തുന്നത്. ബിഎംസിയിലെ ഞങ്ങളുടെ ഓഫീസിന് ഷിന്‍ഡേ സേന അവകാശം ഉന്നയിച്ചു. ഇന്ന് അദ്ദേഹം ആര്‍എസ്എസ് ഓഫീസില്‍ പോയതായി കേട്ടു. ആര്‍എസ്എസ് ജാഗ്രത പാലിക്കണം. ആര്‍എസ്എസ് കാര്യാലയത്തിന്മേലും അദ്ദേഹം അവകാശവാദം ഉന്നയിക്കാം’ താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉദ്ധവ് താക്കറെയും ഏകനാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേനയുടെ ഇരു വിഭാഗങ്ങള്‍ ബുധനാഴ്ച വൈകുന്നേരം ബിഎംസി ആസ്ഥാനത്തുള്ള പാര്‍ട്ടി ഓഫീസില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗങ്ങളിലെയും അംഗങ്ങള്‍ ഓഫീസില്‍ കയറി തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെട്ടിരുന്നു. 

അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ കുറിച്ചും താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘നാളെ നിയമസഭാ സമ്മേളനം അവസാനിക്കുകയാണ്. ഭരണകക്ഷി, സംസ്ഥാനത്തിനായി ഇതുവരെ എന്ത് നല്‍കി എന്നത് പ്രധാന ചോദ്യമാണ്. എല്ലാ ദിവസവും ഒരോ മന്ത്രിമാര്‍ അഴിമതി ചെയ്യുന്നു. കഴിഞ്ഞ ആറ് മാസമായി അവര്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഗ്പൂരില്‍ സമ്മേളനം നടക്കുന്നതിനാല്‍ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി, അവര്‍ വിദര്‍ഭയ്ക്ക് എന്താണ് നല്‍കിയത്? മഹാരാഷ്ട്ര നിയമസഭാ സമ്മേളനം അവസാനിക്കാന്‍ ഇനി ഒന്നര ദിവസമേ ശേഷിക്കുന്നുളളൂലെങ്കിലും ഞങ്ങള്‍ വിദര്‍ഭയില്‍ ചില പദ്ധതികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും താക്കറെ പറഞ്ഞു. കര്‍ണാടക പ്രമേയത്തെ കുറിച്ചുളള ചോദ്യത്തിന് ഇത് മഹാരാഷ്ട്രയ്ക്ക് വേണ്ടി പാസാക്കിയ പ്രമേയമാണെന്നും മഹാരാഷ്ട്രയില്‍ വരുമ്പോള്‍ പിന്തുണ നല്‍കുമെന്നും താക്കറെ പറഞ്ഞു.