കര്‍ണാടകയിലെ ശിവമോഗയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എം.പി പ്രജ്ഞാ താക്കൂറിനെതിരെ കേസെടുത്ത് പോലീസ്. ശിവമോഗ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച് എസ് സുന്ദരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ 25 ന് ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മുസ്ലീങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ഭോപ്പാല്‍ എംപിക്കെതിരായ പരാതി. അന്തസ്സിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂര്‍ച്ച കൂട്ടിയിരിക്കണമെന്നും പ്രഗ്യാ ഠാക്കൂര്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. 

ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു താക്കൂറിന്റെ പരാമര്‍ശം. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. സ്‌നേഹത്തില്‍ പോലും അവര്‍ ജിഹാദ് ചെയ്യുന്നു. ഞങ്ങളും (ഹിന്ദുക്കള്‍) ദൈവത്തെ സ്‌നേഹിക്കുന്നു. ഒരു സന്യാസിയും തന്റെ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നും എംപി പറഞ്ഞു. 

ദൈവം സൃഷ്ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിച്ചില്ലെങ്കില്‍ പ്രണയത്തിന്റെ യഥാര്‍ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതുകൊണ്ടു തന്നെ ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതേ രീതിയില്‍ ഉത്തരം നല്‍കണം. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങള്‍ അവരെ പഠിപ്പിക്കുക- അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളുടെ വീട്ടിലെ കത്തികള്‍ മൂര്‍ച്ചയോടെ സൂക്ഷിക്കാനും ഹിന്ദുക്കളോട് താക്കൂര്‍ ആഹ്വാനം ചെയ്തിരുന്നു.

വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തികളെങ്കിലും മൂര്‍ച്ചയുള്ളതാക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞുകയറിയാല്‍ ഉചിതമായ മറുപടി നല്‍കേണ്ടത് അവകാശമാണെന്നും പ്രഗ്യാസിങ് താക്കൂര്‍ പറഞ്ഞു. 

ഭോപ്പാല്‍ എംപിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (മതത്തിന്റെയും വംശത്തിന്റെയും പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.