ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി വിനോദസഞ്ചാരി മരിച്ചു. ആന്ധ്രാസ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു മൂന്ന് ആന്ധ്രാസ്വദേശികളേയും ഒരു ജീവനക്കാരനേയും രക്ഷപ്പെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുതിരപ്പന്തി സ്വദേശി മില്‍ട്ടന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത്. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഈ ഹൗസ് ബോട്ട്. ഇത് പൂര്‍ണമായും മുങ്ങിത്താഴും മുമ്പ് മറ്റ് നാല് പേരെയും മറ്റു ഹൗസ് ബോട്ടുകളിലെ ജീവനക്കാരാണ് രക്ഷിച്ചത്. ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പെട്ടത്.