ഉത്തർപ്രദേശിലെ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ (എഎംയു) കശ്മീരി വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായെന്ന് ആരോപണം. ഇക്കാര്യം ഉന്നയിച്ച്ജമ്മു കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എഎംയുവിൽ കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ശത്രുതാപരമായ സംസ്‌കാരം നേരിടുന്നുണ്ടെന്ന് വിദ്യാർത്ഥി സംഘടന ആരോപിച്ചു. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി കത്തിൽ പറയുന്നു. അലിഗഡ് മുസ്ലീം സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകളിൽ 1,400-ലധികം വിദ്യാർത്ഥികൾ കശ്മീർ താഴ്‌വരയിൽ നിന്ന് ചേർന്നിരുന്നു. ഇവർ ശത്രുതാപരമായ സംസ്‌കാരം നിരന്തരമായി അഭിമുഖീകരിക്കുന്നു. ശത്രുതയുടെ ഇരകളായി അവർ മാറിയെന്നും കത്തിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നിരുന്നാലും പീഡനം തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സർവ്വകലാശാല നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അസോസിയേഷൻ ആരോപിച്ചു. 

കശ്മീരി വിദ്യാർത്ഥികളെ ഉപദ്രവിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനും വിഷയം നേരിട്ട് പരിശോധിക്കാനും അവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. അതേസമയം, കശ്മീരി വിദ്യാർത്ഥിക്ക് നേരെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ആക്രമണം നടന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അലിഗഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനു റാണ പറഞ്ഞു.

സംഭവത്തിൽ പ്രതികരണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതികരണവുമായി എത്തി. കശ്മീരി വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ഗുണ്ടകൾക്കെതിരെ നടപടിയൊന്നും എടുക്കാത്തത് ദൗർഭാഗ്യകരമാണ്. ചിലർ ശാരീരികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്, അധികാരികൾ ഉടനടി കർശനമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ ആഭ്യന്തര മന്ത്രി, എഎംയു, അലിഗഡ് പോലീസ് എന്നിവരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.