ഫിനിക്സ്: അമേരിക്കയിൽ അതിശൈത്യവും ശീതക്കൊടുങ്കാറ്റും വിതച്ച ദുരിതം തുടരുന്നു. അറുപതിലധികം മരണമാണ് ഇതുവരെ സംഭവിച്ചിരിക്കുന്നത്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

മൂന്ന് ആന്ധ്രാ സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. അരിസോണ സംസ്ഥാനത്തെ ചാൻഡ്ലറിലെ തണുത്തുറഞ്ഞ തടാകത്തിൽ വീണാണ് മരണം സംഭവിച്ചത്.

വെസ്റ്റേൺ ന്യൂയോർക്കിലെ ബഫലോയിൽ മാത്രം 34 പേർ മരിച്ചു. ബഫലോ നഗരത്തിലാണ് ഏറ്റവും അധികം മരണവും മറ്റു നാശനഷ്ടങ്ങളുമുണ്ടായത്. കാറിനുള്ളിലും വീടുകളിലും മഞ്ഞിനടിയിലാണു മരിച്ചവരെ കണ്ടെത്തിയത്.

അമേരിക്കയിൽ 45 വർഷത്തിടെയുണ്ടാകുന്ന ഏറ്റവും വലിയ ശീതക്കൊടുങ്കാറ്റാണ് ഇത്തവണയുണ്ടായത്. ഇന്നലെ 2,872 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി.

കാനഡയുടെ അതിർത്തി മുതൽ മെക്സിക്കോ അതിർത്തി വരെയുള്ള പ്രദേശത്താണു ശീതക്കൊടുങ്കാറ്റ് ഭീഷണി നിലനിൽക്കുന്നത്. അതിശൈത്യവും ശീതക്കൊടുങ്കാറ്റും കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളിലും ജനജീവിതത്തെ ബാധിച്ചു.